ന്യൂദൽഹി: രാജ്യ തലസ്ഥാനമായ ദൽഹിയിലെ ചെങ്കോട്ട പ്രദേശത്തിന് സമീപം ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്വാനേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. വിവരത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ മധ്യ ദൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാന്ദ്‌നി ചൗക്ക്, പ്രദേശത്തെ ഒരു പ്രമുഖ ക്ഷേത്രം ഉൾപ്പെടെ, ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ ഐഇഡി ആക്രമണം ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ വലിയ ആക്രമണം നടത്താൻ ഭീകര സംഘം ശ്രമിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഈ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.
ഇസ്ലാമാബാദിലെ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദൽഹിയിലെ പ്രധാന മതസ്ഥലങ്ങളിലും മറ്റ് സെൻസിറ്റീവ് സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രമുഖ ക്ഷേത്രങ്ങളും തിരക്കേറിയ മാർക്കറ്റുകളും പ്രമുഖ മതസ്ഥലങ്ങളും ലഷ്കർ-ഇ-തൊയ്ബയുടെ നിരീക്ഷണത്തിലാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം നടത്തുകയാണ്.
2025 നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 24 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സ്ഫോടനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ് വരുന്നത്.
















