ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് ഉഷയുടെ ബന്ധുക്കൾ അ റിയിച്ചു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയാ വിവരം ഓർമയില്ലെന്ന് ഡോക്ടർ ലളിതാംബിക പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഇക്ക് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഉഷയ്‌ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്‌ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക പറഞ്ഞു. വണ്ടാനത്തെ സർജറിയിൽ നിന്നാണോ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ല. പരിശോധന നടത്തിയാലേ അറിയൂ. ഇരുപതു വർഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയത് ആകാമെന്നും ഡോക്ടർ ലളിതാംബിക പറഞ്ഞു. താൻ വിരമിക്കുന്നതിന് തൊട്ട് മുൻപുള്ള കാലയളവിലാണ് ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.
2025 മെയ് 12നാണ് സർജറി ചെയ്തത്. അതേസമയം ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോയെന്ന ചെറിയ സാധനമാണെന്നും ലളിതാംബിക പറഞ്ഞു. എക്സറോയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്‌ക്ക് മുൻപും ശേഷവും എണ്ണിത്തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് ആളില്ല. ഡോക്റ്ററും നഴ്സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാമെന്നും ഡോ. ലളിതാംബിക പറഞ്ഞു.
സംഭവത്തിൽ ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പരിശോധിക്കും. ഉത്തരവാദികൾക്കെതിരെ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കും. റിപ്പോർട്ട് പൊലീസിനും കൈമാറും. സർവീസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനാണെന്നും മന്ത്രി പറഞ്ഞു.
















