കൊച്ചി : മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് പി ശശിധരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യല്‍.
കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലായില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിജിലന്‍സ് എസ്പി ആയിരുന്ന എസ്. ശശിധരന്‍ തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും അന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വെള്ളാപ്പള്ളിക്കൊപ്പം അഞ്ച് പ്രതികള്‍ കൂടിയുണ്ട് കേസില്‍.
2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്.പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം തിരിച്ചടച്ചില്ലെന്നാണ് കേസ്.
















