കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ച നടന് ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്.അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി.
















