തിരുവനന്തപുരം: പള്ളിച്ചലില്‍ ശ്രീനാരായണ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പകലൂര്‍ കല്ലിയൂര്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അഭിജിത്തിനെയാണ്(25) നേമം പോലീസ് പിടികൂടിയത്. സിപിഎം നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിമ തകര്‍ത്തതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. ശനി വൈകിട്ട് ഏഴ് മണിയോടെ പള്ളിച്ചല്‍ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എന്‍ഡിപി ശാഖയിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി ക്ഷേത്ര പരിസരത്ത് എത്തി പരസ്പര വിരുദ്ധമായി സംസാരിച്ച് ബഹളം വച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്തെ കൊടിയുമായി പ്രതിമയ്‌ക്ക് സമീപമെത്തി. കൈയിലുണ്ടായിരുന്ന തേങ്ങ ഉപയോഗിച്ച് ഇയാള്‍ പ്രതിമയുടെ തലഭാഗം അടിച്ചു തകര്‍ക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ വിവരമറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. കല്ലിയൂര്‍ പഞ്ചായത്ത് അംഗം സുരേഷ്‌കുമാര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പ്രതിമ തകര്‍ത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമൂട് ബിജു എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രതിയുടെ മൊഴിയുടെ അടിസഥാനത്തില്‍ സിപിഎം നേതാവിനെ അറസ്റ്റുചെയ്യണമെന്നും പ്രദേശത്ത് ഗുരുദേവ മന്ദിരങ്ങള്‍ക്ക് നേരെ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
















