താഴമ്പൂ എന്നാൽ കൈതപ്പൂ എന്ന് വിവരണം, അത്പൂ ജക്കെടുക്കാം!! കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കാറില്ല. പിന്നെയോ?
താഴമ്പൂവിനു ശാപം കിട്ടുകയും ആ പുഷ്പം പൂജക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ കഥ നമുക്കറിയാം. പക്ഷേ, തിരുവണ്ണാമല ഉൾപ്പെടെ തമിഴ് നാട്ടിലെ ശിവ ക്ഷേത്രങ്ങളിൽ ഈ പുഷ്പം പൂജക്ക് ഉപയോഗിക്കും. വർഷത്തിൽ ഒരു ദിവസം മാത്രം. ഇന്നാണ് ആ ദിവസം- ശിവരാത്രി.
ആരാണ് വലുത് എന്ന് പരസ്പരം തർക്കിച്ച വിഷ്ണുവിന്റെയും ബ്രഹ്‌മാവിന്റെയും മുൻപിൽ ഒരു പ്രകാശ സ്തംഭം പ്രത്യക്ഷപ്പെടുന്നതാണ് കഥ. അത് പലതരത്തിൽ പ്രചരിക്കുന്നു. വിഷ്ണുവിന്റെ നാഭിയിൽ വളർന്ന താമരയിൽ ജനിച്ച ബ്രഹ്മാവ് ആദ്യം കണ്ടത് വിഷ്ണുവിനെയാണ്. ആരാണ് എന്ന ബ്രഹ്മാവിന്റെ ചോദ്യം കേട്ട്, നിന്റെ പിതാവ് എന്ന് വിഷ്ണു പറഞ്ഞുവത്രെ! അത് ബോധ്യം വരാഞ്ഞ ബ്രഹ്മാവ് തർക്കിച്ചു, യുദ്ധം നടത്തി, ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പ്രതിക്രിയയ്‌ക്ക് വിഷ്ണു പാശുപതാസ്ത്രം പ്രയോഗിച്ചു. ലോകഹരണത്തിന്റെ സ്ഥിതി വന്നപ്പോൾ ശിവലിംഗം ഉയർന്നു വന്ന് രണ്ടും ഹരിച്ചു. അപ്പോൾ ആ ശിവലിംഗത്തിന്റെ അടിഭാഗം (ആദി) കാണാൻ വിഷ്ണു വരാഹ രൂപത്തിൽ താഴേക്കും ബ്രഹ്‌മാവ് ഹംസത്തിന്റെ രൂപത്തിൽ മുകളിലേക്കും സഞ്ചരിച്ചു അറ്റം കാണാൻ കഴിയാതെ പരാജയപ്പെടുന്നു. മുകളിൽ നിന്ന് താഴേക്കു വരുന്ന താഴമ്പൂവിനോട് ബ്രഹ്‌മാവ് താൻ മുകളറ്റം കണ്ടതായി കള്ള സാക്ഷി പറയാൻ പ്രേരിപ്പിക്കുന്നു. നുണ മനസ്സിലാക്കിയ പരമശിവൻ താഴമ്പൂവിനെ ശപിക്കുന്നു. ആരും പൂജക്കെടുക്കരുതെന്ന്. പിന്നീട് ശിവരാത്രി ദിവസം മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നു.
തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളുടെ പുറകു വശത്തു ചുമരിൽ ‘ലിംഗോദ്ഭവനെ’ കാണാം. ലിംഗ രൂപത്തിന്റെ താഴെ പന്നിയുടെ രൂപവും മുകളിൽ ഇടതു ഭാഗത്തു ഹംസവും അല്പം മാറി താഴമ്പൂവും കാണാം.

ചിത്രം 1. രമണാശ്രമത്തിലെ ലിംഗോദ്ഭവ മൂർത്തി.
2 അരുണചലേശ്വര ക്ഷേത്രം, തിരുവണ്ണാമല
















