ന്യൂദല്‍ഹി: ശബരിമലസ്വര്‍ണ്ണക്കൊള്ളയുമായും പോറ്റിയുമായും ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും സിപിഎം നേതാക്കളുടെ വിലകുറഞ്ഞ പരിഹാസങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സോണിയാഗാന്ധി തന്നെ മുന്‍കയ്യെടുക്കുന്നു. സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് സോണിയാഗാന്ധി എഴുതിയ കത്തിന് പിന്നില്‍ ബഹമുഖലക്ഷ്യങ്ങള്‍.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയയുടെ വീട് റെയ്ഡ് ചെയ്യണമെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നുമാണ് ശിവന്‍കുട്ടി ആരോപിച്ചത്. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ട് തവണ പോയിട്ടുണ്ടെന്നും അവരുടെ കയ്യില്‍ സ്വര്‍ണ്ണം കെട്ടിക്കൊടുത്തിട്ടുണ്ടെന്നും അത് എവിടുത്തെ സ്വര്‍ണ്ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചിരുന്നു. പോറ്റിയെ സോണിയയുടെ അടുത്ത് രണ്ട് തവണ കൊണ്ടുപോയത് ആരാണെന്ന് പറയണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെടിരുന്നു. സോണിയയ്‌ക്കും സോണിയയുടെ കുടുംബത്തിനും വലിയ ആഘാതമുണ്ടാക്കിയ പ്രസംഗമായിരുന്നു ശിവന്‍കുട്ടിയുടേത്.
സോണിയയുടെ പേര് നിയമസഭയില്‍ കളങ്കപ്പെടുത്തിയത് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളോടും സോണിയയ്‌ക്ക് അമര്‍ഷമുണ്ട്. മറ്റൊരു മാര്‍ഗ്ഗവും കാണാത്തതുകൊണ്ട് ഇക്കാര്യത്തില്‍ സമവായം തേടി സോണിയ നേരിട്ട് ഇറങ്ങുകയാണ്.
ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലെ ശൂന്യവേളയില്‍ പ്രസംഗിച്ചതിനെയാണ് സോണിയാഗാന്ധി പ്രത്യേകം കത്തെഴുതി അഭിനന്ദിച്ചത്. രാജ്യസഭാ സെക്രട്ടേറിയറ്റിനാണ് ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ചുകൊണ്ട് സോണിയ കത്ത് നല്‍കിയത്. അസാധാരണമായ ഈ നടപടിക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യവും കാണുന്നില്ല.
















