മലപ്പുറം: അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതില്‍ സര്‍ക്കാരിനും അന്നത്തെ ദേവസ്വം ബോര്‍ഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരിപാടിയുടെ മുഴുവന്‍ ക്രെഡിറ്റും എടുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ കൈകഴുകി മാറുകയാണെന്നും സതീശന്‍ പറഞ്ഞു.
നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്ക് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ കണക്കല്ല ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
അയ്യപ്പ സംഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോര്‍ഡിങ്ങുകളില്‍ അയ്യപ്പന്റെ ചിത്രത്തേക്കാള്‍ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.















