ന്യൂദല്‍ഹി: ഒരാള്‍ക്ക് തോളില്‍ ചുമന്നു നടക്കാവുന്ന വിമാനവേധ മിസൈല്‍ ഇന്ത്യന്‍ കരസേനയുടെ ശക്തമായ ഒരു ആയുധമാണ്. സാധാരണ താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വരെ ഇതുകൊണ്ട് വീഴ്‌ത്താം. പക്ഷെ ഇപ്പോള്‍ ഈ വിമാനവേധമിസൈലുകളെ ഇന്ത്യയുടെ പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒ ഒന്ന് കൂടി പരിഷ്കരിച്ചിരിക്കുകയാണ്. കണ്ണ് ചിമ്മും വേഗത്തില്‍, കുതിച്ചുപായുന്ന ക്രൂയിസ് മിസൈലുകളെയും ഈ വിമാനവേധ മിസൈലുകള്‍കൊണ്ട് വീഴ്‌ത്താന്‍ പറ്റുന്ന തരത്തില്‍ ഇതിലെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡിആര്‍ഡിഒ. ആറ് കിലോമീറ്റര്‍ അകലെയുള്ള ശത്രുവിന്റെ ലക്ഷ്യങ്ങള്‍ അടിച്ചിടാന്‍ ഡിആര്‍ഡിഒ നിര്‍മ്മിച്ച വിമാനവേധ മിസൈലിന് ആകും.
റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ഭൂമിനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയാണ് ക്രൂയിസ് മിസൈലുകള്‍ പറന്നുവരിക. റഡാറുകളുടെ കണ്ണില്‍പ്പെടാത്തതിനാല്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഇത്തരം ക്രൂയിസ് മിസൈലുകളെ അടിച്ചിടാന്‍ കഴിയില്ല. അവിടെയാണ് ഈ തോളില്‍ ചുമക്കാവുന്ന തരത്തിലുള്ള വിമാനവേധ മിസൈല്‍ സംവിധാനം പ്രസക്തമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യ റഷ്യന്‍ നിര്‍മ്മിതമായ ഇഗ്ല എം, ഇഗ്ല എസ് എന്നീ തോളില്‍ ചുമക്കാവുന്ന വിമാനവേധ മിസൈല്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇത് കൊണ്ട് ഡ്രോണുകളെയും ചില ഹെലികോപ്റ്ററുകളെയും വീഴ്‌ത്താനായി. പക്ഷെ ഇതിനേക്കാള്‍ ശക്തമായ വിമാനവേധം മിസൈല്‍ സംവിധാനമാണ് ഇപ്പോള്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.
മാന്‍ പോര്‍ട്ടബിള്‍ വ്യോമപ്രതിരോധ സംവിധാനം എന്ന നിലയില്‍ മാന്‍പാഡ് സ് എന്നാണ് ഇവയെ ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുന്നത്. ഒരു മനുഷ്യന് തോളില്‍ ചുമന്ന് നടക്കാവുന്ന ഭാരമേ ഇതിനുണ്ടാകൂ. ഏകദേശം 25 കിലോഗ്രാമേ ഭാരം കാണൂ. പക്ഷെ ഇതിന്റെ ഉപയോഗം ചില്ലറയല്ല. കാലാള്‍പ്പടയ്‌ക്ക് ആകാശത്ത് നിന്നുണ്ടായേക്കാവുന്ന ഭീഷണികളെ ഇല്ലാതാക്കാന്‍ ഇത് കൊണ്ട് സാധിക്കും. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ഇന്‍ഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയാണ് ശത്രു വിമാനത്തില്‍ ചെന്ന് പതിക്കുക. അങ്ങേയറ്റം കൃത്യതയോടെ ഈ മിസൈലുകള്‍ ശത്രുവിമാനത്തെ തകര്‍ക്കും. ഇപ്പോള്‍ ഭൂമിയുടെ നിരപ്പില്‍ നിന്നും താഴ്ന്നു പറക്കുന്ന ക്രൂയിസ് മിസൈലുകളെ ഇല്ലാതാക്കാനും ഈ വിമാനവേധ മിസൈല്‍ സംവിധാനത്തിന് സാധിക്കും.
സാധാരണ യുദ്ധത്തിന്റെ മുന്നണിയില്‍ ഒരു വ്യോമപ്രതിരോധസംവിധാനം പോലെ പട്ടാളക്കാര്‍ക്ക് ഈ വിമാനവേധ മിസൈല്‍ സംവിധാനം ഉപയോഗിക്കാം. സൈന്യം തന്നെ ക്രൂയിസ് മിസൈലുകളെ എങ്ങിനെ ഈ സംവിധാനം ഉപയോഗിച്ച് തകര്‍ക്കാമെന്നതിന് പരിശീലനം കൊടുക്കും. ഇതോടൊപ്പം ഈ വിമാനവേധ മിസൈല്‍ സംവിധാനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ശക്തിപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നു.
ശക്തമായ വ്യോമപ്രതിരോധസംവിധാനം ഇല്ലാത്ത പ്രദേശങ്ങളില്‍ ശത്രുക്കള്‍ ക്രൂയിസ് മിസൈലുകള്‍ അയയ്‌ക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളില്‍ സൈന്യത്തിന്റെ കാലാള്‍പ്പടയ്‌ക്ക് തന്നെ അവയെ തീര്‍ക്കാനാവുന്ന രീതിയിലാണ് ഈ വിമാനവേധമിസൈല്‍ സംവിധാനത്തെ ഡിആര്‍ഡിഒ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ചുമന്നു നടക്കുന്ന റഡാര്‍ സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. ഈ റഡാര്‍ സംവിധാനത്തോടൊപ്പം ഈ വിമാനവേധ മിസൈല്‍ കൂടി ഉണ്ടായാല്‍ ദൂരേ നിന്നു തന്നെ ക്രൂയിസ് മിസൈലുകളെ തിരിച്ചറിയാനും അവയെ അതിവേഗം ഇല്ലാതാക്കാനും വിമാനവേധ മിസൈല്‍ കൊണ്ട് സാധിക്കും.
















