കൊച്ചി: കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഈ മാസം 28 വരെയാണ് യൂണിയന്റെ കാലാവധി.
കലോത്സവ, സ്‌പോര്‍ട്‌സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് വി സി മോഹനന്‍ കുന്നുമ്മല്‍ യൂണിയന്‍ അസാധുവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കലോത്സവവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളുടെ നടത്തിപ്പിന് യൂണിയന്‍ ഫണ്ട് വിനിയോഗിക്കാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. വിധി വന്നതിന് പിന്നാലെ വി സി മോഹനന്‍ കുന്നുമ്മലിന്റെ
ശാസ്തമംഗലത്തെ വീടിന് പരിസരത്ത് എസ്എഫ്ഐ പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം കേരള സര്‍വകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ആദ്യം നിഷ്‌ക്രിയമായിരുന്ന പൊലീസ് ലോക്ഭവന്‍ ഇടപെട്ടതോടെയാണ് പ്രതിഷേധക്കാരെ നേരിട്ടത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ അറസ്റ്റ് ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ സര്‍വകലാശാല പരിസരത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചപ്പോള്‍ ആദ്യം പൊലീസ് നോക്കി നിന്നു. പൊലീസ് നിഷ്‌ക്രിയത അറിഞ്ഞ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് തയാറായത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ അനുവദിക്കാതെ ബാരിക്കേഡു നിരത്തി പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞിട്ടു.പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്.
നിലവിലെ യൂണിയന്റെ നേതൃത്വത്തില്‍ ഏപ്രിലില്‍ കലോത്സവം നടത്തിയതാണെന്ന് ഇന്നലെ വിസി വിശദീകരിച്ചിരുന്നു. എന്നാല്‍ അത് എസ്എഫ്‌ഐ അംഗീകരിക്കുന്നില്ല.
















