ഇസ്ലാമാബാദ് : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.എം) സ്ത്രീകളെ തങ്ങളുടെ അണികളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വനിത ഭീകരവാദികളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുകയും ലോകത്തെ കബളിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സമീപകാല നിരീക്ഷണ റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് അനുസരിച്ച് ജെയ്‌ഷെ മുഹമ്മദ് തന്ത്രം മാറ്റുകയും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ വനിതാ വിഭാഗത്തെ ജമാഅത്ത് ഉൽ മുമിനത്ത് എന്ന് നാമകരണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം തന്നെ ജെയ്‌ഷെയുടെയും മസൂദ് അസറിന്റെയും ഉദ്ദേശ്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വനിതാ വിഭാഗം തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ജെയ്‌ഷെയ്‌ക്കുള്ളിലെ ഒരു തന്ത്രപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെ ഭീകരാക്രമണങ്ങൾക്ക് സംഘം പുരുഷന്മാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജെയ്‌ഷെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ജെയ്‌ഷെ അടുത്തിടെ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ജമാഅത്ത് അൽ-മുമിനത്തിനെക്കുറിച്ചുള്ള സർക്കുലർ അതിനെ മതവുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. നഗരപ്രദേശങ്ങളിലെ മുസ്ലീം സ്ത്രീകളെ ആകർഷിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൂടാതെ ജെയ്‌ഷെ മുഹമ്മദുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട സ്ത്രീകൾ മുമ്പ് റിക്രൂട്ടർമാർ, ഫണ്ട്‌റൈസർമാർ, ലോജിസ്റ്റിക്സ് ഫെസിലിറ്റേറ്റർമാർ, സന്ദേശ കൊറിയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പരമ്പരാഗത റോളിൽ നിന്ന് വ്യത്യസ്തമായി ജെയ്‌ഷെയുടെ വനിതാ വിഭാഗം തീവ്രവാദ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളിത്തത്തിന് ശ്രമിക്കുകയാണ്. ഈ വിഭാഗം 2024 ൽ സ്ഥാപിതമായെങ്കിലും 2025 ഒക്ടോബറിനുശേഷം ഇത് ശക്തി പ്രാപിച്ചെന്നാണ് റിപ്പോർട്ട്.
















