തന്റെ പുതിയ സിനിമയായ ‘പ്രകമ്പനം’ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരൻ . അമ്മേ, അമ്മയുടെ സിനിമയ്‌ക്ക് നല്ല റിപ്പോര്‍ട്ടാണല്ലോ എന്ന് പറഞ്ഞ് രാജു വിളിച്ചിരുന്നുവെന്നും മല്ലിക പറയുന്നു .
‘ ഇന്ദ്രനും രാജുവും ഇതുവരെ സിനിമ കണ്ടിട്ടില്ല. ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞാല്‍ കാണുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ അടുത്ത കാലത്ത് ഞാന്‍ ഇങ്ങനെ ചിരിച്ചൊരു സിനിമ കണ്ടിട്ടില്ല. കുട്ടികളൊക്കെ എന്ത് രസമായാണ് അഭിനയിച്ചത്. വയസുകാലത്തൊക്കെ ഇങ്ങനെ ചിരിക്കാന്‍ അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമാണ്. പിന്നെ അമ്മച്ചിയും ഒട്ടും മോശമല്ല, ചെമ്പോത്തമ്മ. കെട്ടിയോന്‍ ഗോവയില്‍ പോയപ്പോള്‍ അവിടെയും കിട്ടി. അടുത്ത കാലത്ത് ചെയ്തതില്‍ മനസിന് സംതൃപ്തി തന്ന ചിത്രം കൂടിയാണ് ഇത്.
നോബഡിയുമായി രാജു കുറച്ച് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. അത് കഴിഞ്ഞ് നേരെ രാജമൗലി സാറിന്റെ പടം. ശേഷം കോഴിക്കോടേക്ക് വരും എന്നാണ് പറഞ്ഞിട്ടുള്ളത്. ഷൂട്ടിംഗിനായി എവിടേക്ക് പോവുകയാണെങ്കിലും പറയും. പോയിക്കഴിഞ്ഞ് കിട്ടാന്‍ വലിയ പാടാണ്. അവന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും
ഞാന്‍ പൊതുവെ അവരുടെ സെറ്റിലൊന്നും പോവാറേയില്ല. കാരണം നമ്മള്‍ ഇത് കണ്ടല്ലേ ഇത്രയും കാലം ജീവിച്ചത്. അവിടെ ചെന്നിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് നമുക്കറിയാം. കുറേനാളായി രാജുവിന്റെ ഒരു സെറ്റില്‍ പോയിട്ട് എന്നോര്‍ത്തായിരുന്നു നോബഡി സെറ്റിലേക്ക് പോയത്., അവിടെ ചെന്നപ്പോള്‍ അവന് ഷോട്ട്. അതിനിടയ്‌ക്ക് ഓടി വരണം. നമ്മള്‍ അറിഞ്ഞോണ്ടെന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് ഞാന്‍ അങ്ങനെ പോവാറില്ല.
എന്നെങ്കിലും, പിറന്നാളോ, വല്ല വിശേഷാവസരങ്ങളും വന്നാല്‍, ക്ഷേത്രത്തിലെ പ്രസാദവുമായി പോയാലായി. അടുത്തുണ്ടെന്ന് അറിഞ്ഞാലൊന്ന് പോവും. അല്ലെങ്കില്‍ എല്ലാം ഫോണിലാണ് എന്നുമായിരുന്നു മല്ലിക പറഞ്ഞത്.രാജു വീട്ടില്‍ വരുമ്പോള്‍ ഇത്ര ഗൗരവം ഒന്നുമില്ല. വല്ലപ്പോഴുമാണ് സീരിയസ് വിഷയം സംസാരിക്കാറുള്ളത്. എല്ലാവരും കൂടുമ്പോള്‍ ഭക്ഷണമുണ്ടാക്കുക, പിന്നെ പിള്ളേരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെന്നും മല്ലിക പറയുന്നു.
















