മോസ്‌കോ: റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്‌യു-57 ന്റെ കയറ്റുമതി പതിപ്പായ എസ്‌യു-57 ഫെലോണ്‍ റഷ്യ ഭാരതത്തില്‍ തന്നെ നിര്‍മിക്കും. വായു, കര, കടല്‍ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള ഒരു മള്‍ട്ടിറോള്‍ അഞ്ചാം തലമുറ യുദ്ധവിമാനമാണ് സുഖോയ് എസ്‌യു-57. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ച്, പ്രാദേശിക സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിമാനം നിര്‍മിച്ചു നല്‍കാമെന്ന് റഷ്യ ഭാരതത്തെ അറിയിച്ചു.
റഷ്യയില്‍ നിര്‍മിക്കുന്ന എസ്‌യു-57 യുദ്ധവിമാനങ്ങള്‍ അതേപടി നല്‍കാനായിരുന്നു നേരത്തെ പദ്ധതിയിട്ടതെങ്കിലും, പുതിയ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ നിര്‍മാണം ഘട്ടം ഘട്ടമായി ഭാരതത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഭാരതത്തില്‍ വെച്ച് തന്നെ വിമാനം നിര്‍മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
മാക് 2 വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ ഇരട്ട എന്‍ഞ്ചിന്‍ സൈനിക വിമാനത്തില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാനുള്ള സ്റ്റെല്‍ത്ത് കഴിവും, സൂപ്പര്‍-മാനുവറബിലിറ്റി, സൂപ്പര്‍സോണിക് ക്രൂയിസിങ്, നൂതന ഏവിയോണിക്‌സ് നൂതന മിസൈല്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഭാരതത്തില്‍ നിര്‍മിച്ച മിഷന്‍ കമ്പ്യൂട്ടറുകള്‍, സോഫ്റ്റ് വെയര്‍ റേഡിയോകള്‍ സുരക്ഷിതമായ ഡാറ്റാ ലിങ്കുകള്‍ തുടങ്ങിയവ വിമാനത്തില്‍ ഉള്‍പ്പെടുത്തും. ഇത് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാരതത്തിന് പൂര്‍ണ നിയന്ത്രണം നല്‍കാന്‍ സഹായകമാകും.
റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ പോലെ കുറച്ചു വിമാനങ്ങള്‍ നേരിട്ട് റഷ്യയില്‍ നിന്ന് വാങ്ങുക, ചെറിയ മാറ്റങ്ങളോടെ ഭാരതത്തില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക. ഭാരതത്തിന്റെ ആവശ്യപ്രകാരം വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തി ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിക്കുക എന്നീ ആലോചനകളാണ് ഭാരതം മുന്നോട്ടുവെക്കുന്നത്.
നിലവില്‍ ഭാരത വ്യോമസേനയുടെ കരുത്തായ എസ്‌യു30 എംകെഐ വിമാനങ്ങള്‍ക്ക് പകരമായി സുപ്രധാന ദൗത്യങ്ങള്‍ക്കായി എസ്‌യു-57 ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതികൂല കാലാവസ്ഥയിലും കനത്ത ഇലക്ട്രോണിക് യുദ്ധ പരിതസ്ഥിതികളില്‍ ഉള്‍പ്പെടെ ഇതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയും.
















