ഇന്ത്യയുടെ കടൽത്തീരങ്ങളിൽ ഒരില അനങ്ങിയാൽ പോലും നിമിഷനേരം കൊണ്ട് ജാഗരൂകരാകുന്നവർ , കടൽക്കൊള്ളക്കാരെ ചെറുത്ത് തോൽപ്പിച്ച് അജയ്യരായി എത്തുന്നവർ ഇവരാണ് മാർക്കോസ് എന്ന മറൈൻ കമാൻഡോസ് . കരയിലും വിമാനത്തിലും കടലിന്റെ അഗാധതയിലും ഒരുപോലെ പൊരുതാൻ ശേഷിയുള്ള ഇവർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിൽ ഒന്നാണ്
ഒരർത്ഥത്തിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യ സംഘമായി ഇവരെ കണക്കാക്കുന്നു. സ്വാഭാവികമായി മറെെൻ കമാൻഡോകൾക്ക് കടലിൽ യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കുമെങ്കിലും കടലിനു പുറമേ, കരയിലും പർവ്വതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവയ്‌ക്കാതെ പോരാടാൻ മാർക്കോസിന് കഴിയും.
ലോകത്തെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ് എന്ന മാർക്കോസ്. യുദ്ധസാമഗ്രികളുടെ ഭാരവും വഹിച്ച് ആകാശത്തു നിന്ന് പാരച്യൂട്ടിൽ ഇറങ്ങാൻ ശേഷിയുള്ള ലോകത്തെ അപൂർവം കമാൻഡോ ഗ്രൂപ്പ്. 1987-ൽ സ്ഥാപിതമായ മാർക്കോകൾ, ഫോഴ്സ് വൺ, ഗരുഡ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്, പാരാ കമാൻഡോകൾ എന്നിവയുൾപ്പെടെ രാജ്യത്തെ അതിശക്തമായ കമാൻഡോ യൂണിറ്റുകളിൽ ഒന്നാണ്.
സേനയുടെ കരുത്തും അവർ കടന്നുപോകുന്ന അതികഠിനമായ പരിശീലന രീതികളും ഇന്നും സാധാരണക്കാർക്ക് ഒരത്ഭുതമാണ്.മാർക്കോസ് കമാൻഡോ ആകുക എന്നത് ഏതൊരു സൈനികന്റെയും സ്വപ്നമാണെങ്കിലും അതിൽ വിജയിക്കുന്നത് വെറും 10-15 ശതമാനം പേർ മാത്രമാണ്.
25 കിലോ ഭാരമുള്ള ബാഗും പേറി മുട്ടറ്റം ചെളിയിലൂടെ 800 മീറ്റർ ഇഴഞ്ഞുനീങ്ങുന്ന ഡെത്ത് ക്രോൾ, കൈകാലുകൾ കെട്ടിയിട്ട നിലയിൽ വെള്ളത്തിൽ നീന്താനും, ശ്വാസം അടക്കിപ്പിടിച്ച് കടലിനടിയിൽ സ്ഫോടനങ്ങൾ നടത്താനും പ്രത്യേക പരിശീലനം എന്നിവ ഇവർക്കുള്ള പരിശീലനങ്ങളിലെ വെറും സാമ്പിളുകൾ മാത്രം.മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരർ തമ്പടിച്ചപ്പോൾ ആദ്യം ഓടിയെത്തിയതും നേരിട്ട് ഏറ്റുമുട്ടിയതും മാർക്കോസ് കമാൻഡോകളായിരുന്നു
‘ഭയമില്ലാത്ത ചിലർ’ എന്നതാണ് മാർക്കോസിന്റെ മുദ്രാവാക്യം. . ശത്രുരാജ്യം രാസായുധ ആക്രമണം നടത്തിയാൽ പോലും അതിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന തന്ത്രപ്രധാനമായ വെെദഗ്ധ്യം പരിശീലനം കഴിയുമ്പോൾത്തന്നെ മാർക്കോസ് സ്വന്തമാക്കിക്കിയിരിക്കും. ഓപ്പറേഷൻ കാക്റ്റസ് ഇൻ മാലിദ്വീപ് – മാലിദ്വീപിൽ നടന്ന അട്ടിമറി ഒറ്റരാത്രികൊണ്ട് തടയുകയും ബന്ദികളാക്കിയ നേതാക്കളെയും സാധാരണക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്ത തന്ത്രപ്രധാനമായ ഓപ്പറേഷൻ മാർക്കോസിന്റെ കിരീടത്തിലെ പൊൻതൂവലാണ്.
ഇന്നും രോമാഞ്ചം ഉണർത്തുന്ന ഒന്നാണ് ശ്രീലങ്കയിൽ നടന്ന ഈ കാമാൻഡോ നീക്കം. മുതുകിൽ കെട്ടിവച്ച സ്ഫോടക വസ്തുക്കളുമായി കടലിൽ 10 കിലോമീറ്ററോളം നീന്തിയാണ് അന്ന് മാർക്കോസ് കമാൻഡോകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്. ജാഫ്ന തുറമുഖത്ത് എത്തിയ കമാൻഡോകൾ അന്ന് തുറമുഖം സ്ഫോടനത്തിലൂടെ തകർത്തു. അന്ന് എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു ജാഫ്ന തുറമുഖം.
















