വാഷിംഗ്ടൺ: പ്രതിഷേധങ്ങളെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് ഇന്ത്യയുടെ ഭൂപടം നീക്കം ചെയ്തതായി പാകിസ്ഥാന്റെ അവകാശവാദം.ഫെബ്രുവരി 7 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരുന്നു.
അതിൽ ജമ്മു കശ്മീർ, പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ), അക്സായി ചിൻ എന്നിവയെല്ലാം ഇന്ത്യൻ പ്രദേശമായി കാണിച്ചു. എന്നാൽ പാക് പ്രതിഷേധങ്ങളെ തുടർന്ന് യുഎസ് ട്രേഡ് പ്രതിനിധി ഇപ്പോൾ ഈ ഭൂപടം ഇല്ലാതാക്കിയെന്നാണ് പാക് മാധ്യമമായ ഡോൺ അവകാശപ്പെട്ടിരിക്കുന്നത്.
ഡോണിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ ഭൂപടത്തിനെതിരെ പാകിസ്ഥാൻ യുഎസിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പോസ്റ്റ് നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യയുടെ ഭൂപടം സൈറ്റിൽ പോസ്റ്റ് ചെയ്തെങ്കിലും വാരാന്ത്യത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച വൈകുന്നേരത്തോടെ അത് നീക്കം ചെയ്തുവെന്ന് ഡോൺ പറഞ്ഞു.
നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ പാകിസ്ഥാൻ ഇസ്ലാമാബാദിലെ യുഎസ് എംബസിക്കും വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്കും പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഡോൺ റിപ്പോർട്ട് അനുസരിച്ച് യുഎസ് സർക്കാരിന്റെ ഒരു ഔദ്യോഗിക സ്ഥാപനം ഒരു രൂപരേഖ ഭൂപടം പുറത്തിറക്കുമ്പോൾ പ്രത്യേകിച്ച് കശ്മീർ പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ അത് രാഷ്‌ട്രീയവും നയതന്ത്രപരവുമായ പ്രാധാന്യമുള്ളതാണെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
















