തിരുവനന്തപുരം: സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ബുധനാഴ്ചയും വ്യാഴാഴ്ചയും ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്ന സിഐടിയു നേതാവ് എളമരം കരിമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍. നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ട്രോള്‍. സമൂഹമാധ്യമങ്ങളില്‍ ഈ ട്രോള്‍ വൈറലായത് ഇടത് നേതാക്കള്‍ക്ക് തിരിച്ചടിയായി.
ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ബുധനാഴ്ച അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത.
അതേ സമയം കേരളത്തില്‍ ഈ സമരം അനാവശ്യമാണെന്ന് എന്‍ജിഒ സംഘ് പറയുന്നു. തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ സമരക്കാരുടെ ആവശ്യങ്ങള്‍ അനാവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്.
















