കൊല്ലം: ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ പ്രതിയായ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം പ്രതിനിധിയുമായ എന്‍. വാസു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ശബരിമല കട്ടിള പാളി കേസില്‍ മൂന്നാം പ്രതിയാണ് വാസു. കഴിഞ്ഞ നവംബര്‍ 11ന് അറസ്റ്റിലായ വാസുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായി. ഇതോടെയാണ് സ്വാഭാവിക ജാമ്യത്തിന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉള്‍പ്പെടെ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വാസുവിനും കോടതി ജാമ്യം നല്‍കിയേക്കും. ഇതോടെ കേസില്‍ അഞ്ചാമതായി ജയില്‍മോചിതനാകുന്നയാളാകും ഇദ്ദേഹം. തിരുവഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിനും ഉടന്‍ ജാമ്യം ലഭിച്ചേക്കും. കേസില്‍ ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത എസ്‌ഐടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം തന്ത്രി കണ്ഠര് രാജീവര് സമര്‍പ്പിച്ച ജാമ്യഹര്‍ജികളില്‍ ഇന്നും വാദം തുടരും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായിരുന്നു.
തന്ത്രിക്ക് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ല, ആചാരപരമായ കാര്യങ്ങളിലേ ഇടപെടാന്‍ കഴിയു എന്നാണ് പ്രതിഭാഗം വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായി ബന്ധമുണ്ട് എന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്.
















