കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുള്ള കൃത്യമായ സമയക്രമം സമർപ്പിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിഗ്രഹത്തിന് അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സമയക്രമം പാലിക്കുന്നതിൽ വീഴ്ച ക്ഷേത്രത്തിലെ മുറജപ ചടങ്ങുകൾ പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികളിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിദഗ്‌ദ്ധ സമിതിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് വൈകലിന് കാരണമായതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് തന്ത്രി കൂടി അംഗമായ എക്സിക്യൂട്ടീവ് കമ്മിറ്റി വിദഗ്‌ദ്ധ സമിതിയുമായി ചേർന്ന് അറ്റകുറ്റപ്പണികളുടെ ഓരോ ഘട്ടവും എന്ന് പൂർത്തിയാകും എന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.
ലക്ഷദീപം, മുറജപം തുടങ്ങിയ ഉത്സവങ്ങൾ പ്രമാണിച്ച് നേരത്തെ ഹർജി മാറ്റിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉത്സവങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും വൈകുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിൽപികളുടെ അനുമതി പത്രവും നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികളുടെ വിവരങ്ങളും നേരത്തെ തന്നെ ഭരണസമിതി കോടതിയെ അറിയിച്ചിരുന്നു. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.
















