ന്യൂദല്‍ഹി: മത വിദ്യാഭ്യാസം നല്‍കുന്നതടക്കമുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. ഇക്കാര്യം ഉചിതമായ അതോറിറ്റിയില്‍ ഉന്നയിക്കാന്‍ കോടതി നിര്‍ദേശിച്ചു.ഈ ആവശ്യം ബന്ധപ്പെട്ട അതോറിറ്റിയില്‍ ഉന്നയിച്ചിട്ടും അവര്‍ വിസമ്മതിക്കുകയാണെങ്കില്‍ അക്കാര്യം അപ്പോള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസമോ മതപരമായ പ്രബോധനമോ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ഈ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയും കേരള ഹൈക്കോടതിയും വ്യത്യസ്ത അഭിപ്രായങ്ങളാണ് സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരന്‌റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2026 ജനുവരി 16 ന് രജിസ്റ്റര്‍ ചെയ്യാത്ത ഒരു മദ്രസയ്‌ക്ക് മതപ്രബോധനം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി ജില്ലകളിലും മറ്റും രജിസ്റ്റര്‍ ചെയ്യാത്ത ധാരാളം മദ്രസകള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
















