‘ചുവരില്‍ ചില്ലുചിത്രത്തില്‍/
നെഞ്ചുപൊട്ടിക്കിടക്കയാം/
ഏതോ ദേശാഭിമാനത്തിന്‍/
ക്ഷയരോഗം പിടിച്ചൊരാള്‍’
അകാലത്തില്‍ അന്തരിച്ച കവി എസ്. രമേശന്‍ നായരുടെ ‘ജന്മപുരാണം’ എന്ന കാവ്യത്തില്‍ നിന്നുള്ള വരികളാണ്. പത്രപ്രവര്‍ത്തനത്തിന്റെ ധീര ശബ്ദമായിരുന്ന സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപര്‍ കെ. രാമകൃഷ്ണപിള്ളയെക്കുറിച്ചാണ്. ആ മഹാ പത്രാധിപര്‍ നട്ടെല്ലുവളയ്‌ക്കാത്ത പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ടയാളാണ്. അത് രാജഭരണകാലത്തെ കാര്യം. ഒടുവില്‍ ക്ഷയരോഗബാധിതനായി ആ തിരിനാളം അണയുകയായിരുന്നു. ആ തലമുറയില്‍ കെട്ടുപോയതാണ് പത്രധര്‍മ്മത്തിന്റെ കൃത്യമായ വഴിയെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.
ഇപ്പോള്‍ പത്രവും പത്രധര്‍മ്മവും വിഷയമാകാന്‍ രണ്ടു കാരണങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പത്രങ്ങളെ സംബന്ധിച്ച് സംഭവിച്ചു. പത്രാധിപരായിരുന്ന, 90 വയസ്സെത്തിയെങ്കിലും ഇന്നും മാധ്യമപ്രവര്‍ത്തനത്തിലുള്ള, നാരായണ്‍ജി എന്ന് അറിയപ്പെടുന്ന പി. നാരായണന്, രാഷ്‌ട്രം പൗരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പദ്മവിഭൂഷണ്‍ ലഭിച്ചതാണ് അതിലൊന്ന്. ഒരു പത്രത്തിന്റെ അടിക്കല്ല് സ്ഥാപിക്കുന്നതുമുതല്‍ അതിനെ വളര്‍ത്തി സ്വയം പര്യാപ്തമാക്കി, അതിന്റെ ഏറ്റവും ഉയര്‍ന്ന തലപ്പത്ത് സേവനം അനുഷ്ഠിച്ച് വിരമിച്ചയാളാണ് അദ്ദേഹം. ജന്മഭൂമിയാണ് ആ പത്രം. അദ്ദേഹം നയിച്ച പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചയാളെന്ന നിലയില്‍ അഭിമാനവും സന്തോഷവുമേറെയാണ്. അദ്ദേഹവും ദേശാഭിമാനം അത്രയധികം ആവേശിച്ചയാളാണ്. ഇന്നും വഴിമാറാതെ, ധര്‍മ്മം തെറ്റാതെ, പത്രപ്രവര്‍ത്തനത്തിലുണ്ട്.
പക്ഷേ, ഇന്ന് മലയാളത്തില്‍ പത്രപ്രവര്‍ത്തകര്‍, ‘ മാധ്യമ പ്രവര്‍ത്തകര്‍ ‘ എന്നാണ് അറിയപ്പെടുന്നത്. അച്ചടിമാധ്യമങ്ങളുടെ കാലത്തുനിന്ന് ഇലക്ട്രോണിക് മാധ്യമങ്ങളുണ്ടായി, പിന്നെയും വളര്‍ന്നുപെരുകി ഇന്ന് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ലോകമായപ്പോള്‍ പത്രപ്രവര്‍ത്തകര്‍ ‘മാധ്യമ’പ്രവര്‍ത്തകരായി. പക്ഷേ മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരം താഴ്ന്നു. അതോടെ അവര്‍ക്ക് പൊതുവായി ആക്ഷേപപ്പേരുവീണു- ‘ മാ പ്ര ‘. ധര്‍മ്മവും മാര്‍ഗ്ഗവും തെറ്റാതെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ആ പേര് പരിഹാസപ്പേരായി വീണു- ‘ മാ പ്ര.’ എങ്ങനെ പറയാതിരിക്കും; പറയിപ്പിക്കുകയാണല്ലോ പലതരത്തിലുള്ള മത്സരങ്ങള്‍. ആദ്യം പറഞ്ഞ ദേശാഭിമാനത്തിന്റെ കാര്യമാണ് പറയാനുള്ളത്.
ഭാരതമെന്ന രാജ്യം, അത് മോദി സര്‍ക്കാര്‍ ഭരിച്ചാലും മറ്റാരെങ്കിലും ഭരിച്ചാലും ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ന് വലിയൊരു വളര്‍ച്ചയുടെ ഘട്ടത്തിലാണ്. വര്‍ഷം 2047 എന്നത് അത്ര അകലെയല്ല, 21 വര്‍ഷംകൂടിയേ ഉള്ളു. ആ വര്‍ഷം എത്തുമ്പോള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ നൂറാം വര്‍ഷമാകും. അത് അമൃതവര്‍ഷമായി ആഘോഷിക്കണമെന്ന സങ്കല്‍പ്പമാണ് രാജ്യത്തിന്. അതിലേക്കുള്ള കാല്‍ നൂറ്റാണ്ടിനെ അമൃതകാലമായാണ് വിശേഷിപ്പിക്കുന്നത്. 2047 ഭാരതത്തിന്റെ, ഭാരത ജനതയുടെ, ‘ആത്മനിര്‍ഭരത’യുടേതാക്കുക എന്നതാണ് സങ്കല്‍പ്പം. അത് സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ ‘ആത്മ നിര്‍ഭരത’യെന്നാണ് വിശേഷിപ്പിക്കുന്നതും. ഇത് ഭരണകൂടത്തിന്റെ ആശയമാണ്. അത് സര്‍വ്വരും അതേപോലെ പാലിക്കണമെന്നൊന്നും പറയാനാവില്ല. കാരണം നമ്മള്‍ ജനാധിപത്യത്തിലാണല്ലോ, എന്നല്ല, ജനാധിപത്യത്തിന്റെ ഏറ്റവും ‘അയഞ്ഞ മാതൃക’യാണല്ലോ നമ്മള്‍ പിന്തുടരുന്നത് ! ‘സ്വാതന്ത്ര്യ’ത്തിന്റെ അര്‍ത്ഥം, ‘ തോന്നിവാസം ‘ കാണിക്കാനുള്ള അനുമതി എന്നാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നവരും നമുക്കിടയിലുണ്ടല്ലോ.
ഭാഷ അറിയാത്തതുകൊണ്ടോ, അര്‍ത്ഥമറിയാത്തതുകൊണ്ടോ ഒന്നുമല്ല, മറ്റുചില വികാരങ്ങള്‍ കൊണ്ടാണ്, ചിലര്‍ ആത്മനിര്‍ഭരതയെ ആക്ഷേപിക്കുന്നത്. അതാണ് മാധ്യമത്തെക്കുറിച്ച് പറയാനുള്ള രണ്ടാമത്തെ കാരണം. ഭാഷയുടെ, മലയാള ഭാഷയുടെ, കാര്യത്തില്‍ അഭിമാനം ഏറെ പ്രകടിപ്പിക്കുന്ന ചില മാധ്യമങ്ങളുണ്ട്. ആ മാധ്യമങ്ങള്‍ പേരിനൊപ്പം ‘ മലയാളം ‘ എന്ന് ചേര്‍ത്തു ; അതെ ‘ മലയാള മനോരമ’ യെക്കുറിച്ചാണ്. അവര്‍ ഭാഷയെ പോഷിപ്പിക്കാനെന്ന പേരില്‍ മാസിക നടത്തുന്നു, ‘ ഭാഷാ പോഷിണി.’ എന്താ പോരേ ? അവര്‍ക്ക് ടെലിവിഷന്‍ ചാനലുണ്ട്, അതില്‍ പക്ഷേ മലയാളമില്ല, ‘ മനോരമ’ യേ ഉള്ളു. ടി വി മനസ്സിനെ രമിപ്പിച്ചാല്‍ മാത്രം മതിയെന്ന് നിശ്ചയിച്ചതാവണം. (മാത്രമല്ല, അതിന് മലയാള ഭാഷയില്‍ വഴക്കമില്ലാത്ത ഒരു പേരും ഇട്ടു: ‘ മഴവില്‍ ‘. മഴവില്ലല്ല… ) അതൊക്കെ അവരുടെ കാര്യം; അവരുടെ ധര്‍മം- കാരണം, ‘ ധര്‍മോസ്മദ് കുലദൈവതം’ എന്നാണ് ആപ്തവാക്യം. ‘സംസ്‌കൃതമാണ്, കുലദേവത മറ്റാരുമല്ല, ധര്‍മമാണ് എന്ന്. ധര്‍മം പക്ഷേ അവര്‍ അപ്പപ്പോള്‍ നിശ്ചയിക്കുമെന്നുമാത്രം.
2026 – 2027 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍. ‘ആത്മ നിര്‍ഭരത’യാണ് അടിസ്ഥാന സങ്കല്‍പ്പം. ബജറ്റില്‍ വിവിധ മേഖലകളില്‍, വിഷയങ്ങളില്‍, ഇനങ്ങളില്‍, പരാമര്‍ശങ്ങളില്‍ പല പല വികസന, വിശേഷ പദ്ധതികള്‍ പ്രഖ്യാപിച്ചു, രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് അവയെല്ലാം. അതില്‍ കടലാമകളുടെ സംരക്ഷണം എന്ന നിര്‍ദ്ദേശം വിഷയമാക്കി. അതിനു ഒഡീഷ കേന്ദ്രമാക്കി ആസ്ഥാന സംവിധാനവും കടലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പദ്ധതികളും ആവിഷ്‌കരിച്ചു. പക്ഷെ, ബജറ്റിലെ ‘ ആത്മനിര്‍ഭരത’ യെ ‘ആമ നിര്‍ഭരത’യാക്കിയത് മലയാള മനോരമയുടെ ഏത് ധര്‍മമാണെന്ന് ചോദിക്കാന്‍ പാടില്ല. കാരണം ‘ ആമ’ എന്താണെന്നും ആമയും കടലും പരിസ്ഥിതിയും എന്താണെന്നും അവ തമ്മിലുള്ള ബന്ധവും പദ്ധതിയുടെ പ്രയോജനവും ഒന്നും അറിയാത്തവരല്ല പത്രത്തിന്റ നടത്തിപ്പുകാരും അതിന്റെ പത്രാധിപ സമിതിയും. പക്ഷേ ഭാഷയുടെ സംരക്ഷകര്‍ ‘ ആത്മാവി’നെ ‘ ആമ’ ആക്കിയപ്പോള്‍ സംഭവിച്ച അപചയമുണ്ടല്ലോ, അത് പത്രത്തിന്റെ രണ്ടാം പത്രാധിപരായിരുന്ന ‘കെ.സി. മാമന്‍ മാപ്പിള’യുടെ കാലത്തു സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ എപ്പോഴോ ആണ് തുടങ്ങിയത്. അതിപ്പോള്‍ പരമാവധിയില്‍ എത്തിയിരിക്കുന്നു. പക്ഷേ, ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷിക സങ്കല്‍പ്പത്തില്‍ ഉയര്‍ന്നുണരേണ്ട ആത്മനിര്‍ഭരതയെ ‘ ആമ നിര്‍ഭരത’യാക്കിയ മനോരമയ്‌ക്ക് ‘ മാമാ നിര്‍ഭരത’യുമില്ല എന്നുറപ്പാണ്. അത് പത്രകുടുംബത്തിന്റെ ആത്മീയ അടിത്തറ – അങ്ങനെയൊന്നുണ്ടെങ്കില്‍ – ആകേണ്ട ബൈബിളില്‍ ഒരു വചനമുണ്ട്. ‘ നിങ്ങള്‍ മറ്റെന്തെല്ലാം നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ എന്തുകാര്യം ‘ എന്ന്. കച്ചവടത്തിന് കണ്ണില്ല ‘എന്ന് ചൊല്ല് ഉണ്ടോ… കേട്ടിട്ടില്ല, കാമത്തിന് ഇല്ല എന്നുണ്ട്… (കാമം എന്നാല്‍ ആഗ്രഹം എന്നാണ് കേട്ടോ…)
ആ പത്രം നിഷ്പക്ഷതയെക്കുറിച്ചൊക്കെ പ്രസംഗിച്ചുകളയും, നിഷ്പക്ഷത ഇല്ല എന്ന് ചിലപ്പോള്‍,അവരുടെ സൗകര്യത്തിന് സ്ഥാപിച്ചുകളയും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടുപിടിക്കാന്‍ ആ പത്രം അച്ചു നിരത്തുന്നത് ഇത് ആദ്യമല്ല. ‘രാഹുല്‍ ഗാന്ധിക്ക് കീ ജയ്’ വിളിക്കുന്നത് പല പതിറ്റാണ്ടായുള്ള അവരുടെ ഗാന്ധികുടുംബ ഭക്തിയുടെ തുടര്‍ച്ചയാണ്. പക്ഷേ, ‘മഹാത്മാ ഗാന്ധി’ യെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിച്ചപ്പോള്‍, വിളിച്ചപ്പോള്‍, മനോരമയ്‌ക്ക് അദ്ദേഹം ‘ മിസ്റ്റര്‍ ഗാന്ധി’യായിരുന്നു.
അതും അവരുടെ കാര്യം, അതിനും യുക്തി പറയുമായിരിക്കും. പക്ഷേ ഈ വിഷയത്തില്‍ അങ്ങനെയല്ല. അവരുടെ പരിഹാസത്തിന് ലക്ഷ്യമാക്കുന്നത് ബജറ്റ് അല്ല, ധനമന്ത്രി നിര്‍മ്മല സീതാരാമനല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന എന്‍ഡിഎ യൊ, നയിക്കുന്ന ബിജെപിയൊ അല്ല… ആത്മ നിര്‍ഭരത എന്ന ആശയത്തെ ആണ്… ആത്മ നിര്‍ഭരമായ, സ്വത്വമുള്ള, സ്വാശ്രയത്വമുള്ള ഭാരതം നമ്മുടെ ഭരണഘടനയുടെ ലക്ഷ്യവും പ്രാര്‍ഥനയുമാണ്. അതിനേയാണ് അപഹസിക്കുന്നത്.
ആമയെ കുറിച്ചാണെങ്കില്‍ പറയാന്‍ ഏറെ ഉണ്ട്, ആ നല്ല അര്‍ത്ഥത്തില്‍ ആണ് മനോരമയുടെ പറച്ചിലെങ്കില്‍ അത് ശ്ലാഘനീയമാണ്. ആമ ഒരു അംശാവതാരമാണ് ഭാരതീയ (ഹിന്ദു) സംസ്‌കാര വിശ്വാസത്തില്‍, രണ്ടാം അവതാരം – കൂര്‍മ്മാവതാരം. അത് അമരത്വത്തിനെ അമൃതം നേടാന്‍ ദേവാസുരന്മാര്‍ ഒന്നിച്ചുനിന്നു പാലാഴി കടഞ്ഞ വേളയില്‍ മത്തായി ഉപയോഗിച്ച മന്ഥര പര്‍വ്വതം താഴ്ന്നു പോയപ്പോള്‍ മുതുകിലേറ്റി ഉയര്‍ത്തി നിര്‍ത്തിയ വിഷ്ണുവിന്റെ അംശാവതാരം. ഭഗവത് ഗീതയില്‍ ആമയുടെ ഘടനയും അവസ്ഥയും അതില്‍നിന്നുള്ള പാഠങ്ങളും വിവരിക്കുന്നുണ്ട്. അത് ഇന്ദ്രിയ നിഗ്രഹത്തിന് ഉദാഹരിക്കുന്നതാണ്. സ്വന്തം ഗാത്രത്തിലേക്ക് ഉള്‍വലിയാനും അവസരത്തിന് പുറത്ത് വരാനും പ്രവര്‍ത്തിക്കാനുമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതീകം കൂടിയാണ് കൂര്‍മ്മം അവിടെ. അത് തിരിച്ചറിയുന്നവര്‍ക്ക് ആത്മാവിനെ ആമയായി കാണാനും മടിയില്ല. പക്ഷെ പരിഹാസം അവര്‍ക്ക് തിരിച്ചറിയാനാവും. അവരുടെ ‘അല്‍ഗോരിത’ ത്തെ തോല്‍പ്പിക്കാന്‍ അത്ര എളുപ്പമായിരിക്കില്ലല്ലോ.
















