മൂന്നാര്‍: വരാന്‍ പോകുന്നത് മൂന്നാറിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തെരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാറിന്റെ ഭാവി, കേരളത്തിന്റെ ഭാവി നമ്മുടെ കുട്ടികളുടെ ഭാവി ഇതൊക്കെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണവും റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും അധികം വിലക്കയറ്റം കേരളത്തില്‍, രാജ്യത്ത് ഏറ്റവും അധികം തൊഴിലില്ലായ്‌മ കേരളത്തില്‍. ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം വരെ കൊള്ളയടിച്ചു. ഈ രാഷ്‌ട്രീയമല്ല വേണ്ടത്. വികസന രാഷ്‌ട്രീയമാണ് വേണ്ടത്, നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന രാഷ്‌ട്രീയമാണ് വേണ്ടത്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
75 വര്‍ഷം ഗരീബി ഹഡാവോ എന്ന് പറഞ്ഞു ജനങ്ങളെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു.
കേരളത്തിനായി എന്തെങ്കിലും ചെയ്തോയെന്ന് നിങ്ങള്‍ പരിശോധിക്കണം. വീട്, പട്ടയം, വൈദ്യുതി, സ്‌കൂള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊന്നും വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ജമാ അത്തെ ഇസ്ലാമിയുടെ കൂടെക്കൂടി ജനങ്ങളെ വഞ്ചിക്കലാണ് അവരുടെ രാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ നരേന്ദ്ര മോദിക്ക് ജനങ്ങള്‍ അവസരം കൊടുത്തു. ഒരൊറ്റ അഴിമതിയുമില്ലാതെ എന്തെല്ലാം വികസന പദ്ധതികള്‍ അദ്ദേഹം ജനങ്ങള്‍ക്കായി കൊണ്ടുവന്നു. അതാണ് എന്‍ഡിഎയുടെ വികസനത്തിന്റെ രാഷ്‌ട്രീയം. നരേന്ദ്ര മോദി രാജ്യത്ത് കൊണ്ടുവന്ന വികസനം മൂന്നാറിലും വരണം. ഇത്രയേറെ വിനോദസഞ്ചാര സാധ്യയുള്ള മൂന്നാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരും ബിജെപിയുടെ ഭാഗമായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മേഖല അധ്യക്ഷന്‍ എന്‍. ഹരി, ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷ ശ്രീവിദ്യ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
















