മുംബൈ: രാജ്യം 2047ല്‍ വിഭജിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതിന് പകരം അഖണ്ഡഭാരതത്തിന്റെ ഉദയം സ്വപ്‌നം കാണുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
അഞ്ഞൂറാണ്ട് തുടര്‍ച്ചയായി നടത്തിയ അതിക്രമങ്ങളിലൂടെയും അധിനിവേശത്തിലൂടെയും സുല്‍ത്താന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ചെയ്യാനാവാത്തത്, ഇരുനൂറാണ്ട് കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് കഴിയാത്തത് സ്വതന്ത്രഭാരതത്തില്‍ സംഭവിക്കുമെന്ന് എന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് 1947 അല്ല. നമ്മള്‍ വളരെ മുന്നോട്ട് പോയി. ഭാരതം വീണ്ടും വിഭജിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടും. നമ്മള്‍ അഖണ്ഡ ഭാരതം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഈ ദൃഢനിശ്ചയം ഓരോരുത്തരും ഉറപ്പിക്കണം. പേടിസ്വപ്‌നങ്ങള്‍ കാണുന്നവരോടാണ് അത് നടക്കില്ല. നടക്കാന്‍ നമ്മള്‍ അനുവദിക്കില്ല, രാജ്യത്ത് വിഭജനം സൃഷ്ടിക്കാനുള്ള ദേശവിരുദ്ധനീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിവസം മറുപടി പറയുകയായിരുന്നു സര്‍സംഘചാലക്.
വര്‍ളി നെഹ്റു സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘സംഘയാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന ദ്വിദിന പ്രഭാഷണ പരിപാടിയില്‍ തൊള്ളായിരത്തിലേറെ വിശിഷ്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നലെ രണ്ട് സെഷനുകളിലായി സര്‍സംഘചാലക് മറുപടി പറഞ്ഞു.
പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭദേശിയ, കൊങ്കണ്‍ പ്രാന്ത സംഘചാലക് അര്‍ജുന്‍ ചന്ദേക്കര്‍, മുംബൈ മഹാനഗര്‍ സംഘചാലക് സുരേഷ് ഭാഗേരിയ എന്നിവരും വേദിയിലുണ്ടായിരുന്നു.
















