ആലപ്പുഴ: ആലപ്പുഴയില്‍ മാട്രിമോണിയല്‍ ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍പ്പെട്ട് കേന്ദ്ര സർക്കാർ ജീവനക്കാരന് 22.67 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡിസംബർ വരെയുള്ള മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. വിവാഹാലോചനയുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബിറ്റ്‌കോയിനിലും ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചാല്‍ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പലതവണകളായി ബാങ്ക് അക്കൗണ്ട് വഴിയും യു.പി.ഐ വഴിയും യുവാവ് പണം കൈമാറി. യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഉപയോഗിച്ചിരുന്നത് വ്യാജ പ്രൊഫൈലാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.
സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്ന സമയത്താണ് യുവാവ് ഈ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയത്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി സമാനമായ തട്ടിപ്പുകള്‍ ജില്ലയില്‍ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
















