തൃശൂര്‍: ബജറ്റില്‍ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രം കേരളത്തിന് നല്‍കുന്ന തുകയില്‍ വലിയ വര്‍ദ്ധനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ബജറ്റ് അവലോകന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
റെയില്‍ വികസനത്തിനും വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ അനുവദിക്കുന്നതിലും കേരളത്തിന് വലിയ പരിഗണന നല്‍കി. ലോകം സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍, ഭാരതം 7 ശതമാനം വളര്‍ച്ചയോടെ, കുറഞ്ഞ പണപ്പെരുപ്പത്തോടെ മുന്നേറുകയാണ്.
ബജറ്റില്‍ റോഡുകള്‍ക്കും ഗതാഗതത്തിനും റെയില്‍വേയ്‌ക്കും വലിയ തുകയാണ് വകയിരുത്തിയത്. ഇലക്ട്രോണിക്‌സ്, മാനുഫാക്ചറിങ് മേഖലകള്‍ക്കും വലിയ പിന്തുണയാണ്. ഗതാഗത, റോഡ് വികസനത്തിന് അഞ്ച് ലക്ഷം കോടിയിലധികം വകയിരുത്തി. ബയോ- ഫാര്‍മ വ്യവസായത്തിന് 10,000 കോടി. കശുവണ്ടി, കൊക്കോ, നാളികേരം തുടങ്ങിയ കാര്‍ഷിക മേഖലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേരളത്തിന് ഗുണകരമാണ്. തീരദേശ കപ്പല്‍ ഗതാഗത ശൃംഖലയും ജലഗതാഗതവും ശക്തിപ്പെടുത്തുന്നതും കേരളത്തിന് ഗുണമാകും. കേരളപൈതൃകത്തെ പിന്തുണച്ചാല്‍, സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കും. പല മേഖലകള്‍ക്കും ഗുണകരമാവും. ശബരിമലയുടെ പവിത്രത ഉള്‍പ്പെടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണ്.
കേരളത്തിലെ എന്‍ജിനീയര്‍മാരുടെയും നഴ്‌സുമാരുടെയും കഴിവ് താന്‍ ഷിക്കാഗോയില്‍ വരെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ പ്രതിഭ ലോകമെമ്പാടും ദൃശ്യമാണ്. എന്നാല്‍ ഇവിടുത്തെ സേവന മേഖല തകര്‍ച്ചയിലാണ്. മാനവ വിഭവശേഷി മികച്ച രീതിയില്‍ വിനിയോഗിക്കണം.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, എഐ ക്യാമറ അഴിമതി, സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടങ്ങി അഴിമതികളുടെ നീണ്ടനിരയാണ് കേരളത്തില്‍. സഹകരണ ബാങ്കിങ് മേഖല സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രീമിയം ടൂറിസം കേന്ദ്രമാകാന്‍ കേരളത്തിന് കഴിവുണ്ട്, എന്നാല്‍ ടൂറിസം തകര്‍ച്ചയിലാണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേ, പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. സുരേഷ്, ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി എം.വി. ഗോപകുമാര്‍, കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യന്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ആര്‍. ഹരി, പി.കെ. ബാബു, സുജയ് സേനന്‍ എന്നിവര്‍ പങ്കെടുത്തു.















