ഭാരതം-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുന്നുവെന്നും ട്രംപിന്റെ വ്യാപാര യുദ്ധം അവസാനിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള വിമര്‍ശകര്‍ നിരാശയുടെ അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളായി രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയെയും രാഷ്‌ട്രീയത്തില്‍ സജീവമായി നിര്‍ത്താന്‍ സഹായിച്ചത് ട്രംപിന്റെ നിലപാടുകളായിരുന്നു. എന്നാല്‍ ട്രംപ് ഇത്തരത്തില്‍ നിലപാട് മാറ്റുമെന്ന് രാഹുലും കൂട്ടരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
‘ചത്ത സമ്പദ്വ്യവസ്ഥ’, ‘ചോരപ്പണം’ തുടങ്ങിയ പ്രയോഗങ്ങള്‍ മുതല്‍ ഭാരതത്തിനെതിരെ ട്രംപും കൂട്ടരും ഉയര്‍ത്തിയ വിവാദങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രാഹുലിന് ഇപ്പോള്‍ മോഹഭംഗം സംഭവിച്ചിരിക്കുന്നു. വ്യാപാര കരാറില്‍ തട്ടി ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുമെന്നും ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഭാരത സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും മോദി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്നും കരുതിയിരുന്ന കോണ്‍ഗ്രസിന് കിട്ടിയ ഇരുട്ടടിയാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍. ഒപ്പം ഭാരതത്തിനെതിരെ ചുമത്തിയ ഇറക്കുമതി ചുങ്കം കുറയ്‌ക്കാന്‍ അമേരിക്ക തയ്യാറാവുകയും ചെയ്തു.
കൃഷിയും ക്ഷീര മേഖലയും ഒഴിവാക്കണമെന്ന ഭാരതത്തിന്റെ ആവശ്യത്തില്‍ തട്ടിയാണ് കരാര്‍ വൈകിയത്. ഇതില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം ഭാരതത്തിന് അംഗീകരിക്കേണ്ടി വരുമെന്നാണ് രാഹുലും കോണ്‍ഗ്രസും കരുതിയത്. കാരണം മറ്റ് ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ട്രംപിന്റെ പിടിവാശിയെ മറികടക്കാനായിരുന്നില്ല. അങ്ങനെയെങ്കില്‍ കര്‍ഷക സമരവും തൊഴിലാളി സമരവുമൊക്കെ സംഘടിപ്പിക്കാന്‍ വലിയ സാധ്യതകള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നിരിക്കുകയാണ്.
ചൈനയുടെയും പാകിസ്ഥാന്റെയും ആശങ്ക
രാഹുല്‍ മാത്രമല്ല, കരാര്‍ നടക്കില്ലെന്ന് കരുതിയിരുന്ന ചൈനയും പാകിസ്ഥാനുമെല്ലാം ട്രംപിന്റെ പ്രഖ്യാപനം കേട്ട് അമ്പരന്നു. കരാറില്‍ ആരാണ് വിട്ടുവീഴ്ച ചെയ്തതെന്ന സംശയം ഇവര്‍ക്കുമുണ്ട്. കരാര്‍ വ്യവസ്ഥകള്‍ അറിയാന്‍ രാഹുലും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒച്ചപ്പാടുണ്ടാക്കുന്നത് ഫലത്തില്‍ പാകിസ്ഥാനെയും ചൈനയെയും സഹായിക്കാനാണ്. അമേരിക്കയുമായി മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായും ഭാരതം കരാറിലേര്‍പ്പെട്ടിരിക്കുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാകുന്നത് രാഷ്‌ട്രീയമായി തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് രാഹുല്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ ശോഭ കെടുത്താന്‍ ‘ചൈന ഭൂമി പിടിച്ചെടുത്തു’ എന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കണ്ടത്. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെ വിശ്വാസ വഞ്ചകനെന്ന് പരസ്യമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് രാഹുല്‍ മാറിയത് ഇതിന്റെ തെളിവാണ്. എന്നാല്‍ ‘രാജ്യത്തിന്റെ ശത്രുവെന്ന’ തന്റെ പേര് ഊട്ടി ഉറപ്പിക്കുവാനാണ് ആ പ്രവര്‍ത്തികൊണ്ട് രാഹുലിനാകെ സാധിച്ചത്.
ആഗോള സാമ്പത്തിക-രാഷ്‌ട്രീയ മാറ്റങ്ങള്‍
ഭാരതം-അമേരിക്ക സഹകരണം ചൈനീസ് മോഹങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ്. ഇതൊരു വെറും വ്യാപാര കരാറല്ല, മറിച്ച് സാമ്പത്തികവും രാഷ്‌ട്രീയവുമായ മാനങ്ങളുള്ള ഒന്നാണ്. ഇത് പരസ്പര വിശ്വാസത്തിന്റെ അടിത്തറ ബലപ്പെടുത്തുകയും ഭാരതത്തിന്റെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വെനസ്വേല വിഷയത്തില്‍ നാം ഇത് കണ്ടതാണ്. ചൈനീസ് സ്വാധീനത്തിലായിരുന്ന വെനസ്വേല പ്രസിഡന്റ് മഡുറോ പുറത്താവുകയും എണ്ണ ശേഖരം ലോക വിപണിക്ക് ലഭ്യമാവുകയും ചെയ്തത് ഭാരതത്തിന് പുതിയ അവസരങ്ങള്‍ തുറന്നു.
തുടര്‍ന്നാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
പ്രതിരോധ, ഇലക്ട്രോണിക് നിര്‍മ്മാണ രംഗത്ത് അത്യാവശ്യമായ അപൂര്‍വ്വ ധാതുക്കളുടെ ഉത്പാദനത്തില്‍ ചൈനയ്‌ക്കുള്ള 90 ശതമാനം മേധാവിത്വം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 50 രാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടായ്‌മ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുത്തത്. ഒഡിഷ, തമിഴ്നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി 2026 ബജറ്റില്‍ പ്രഖ്യാപിച്ച അപൂര്‍വ്വ ധാതു ഇടനാഴി പോലുള്ള പദ്ധതികള്‍ക്ക് ഇത് വന്‍ നേട്ടമാകും.
ഭാരതം-അമേരിക്ക ബന്ധം മോശമാകുന്നത് ചൈനയ്‌ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അമേരിക്കന്‍ കമ്പനികള്‍ ഭാരതത്തിലേക്ക് ചുവടുമാറ്റാന്‍ ഇത് കാരണമാകും. ജനാധിപത്യ രാജ്യമായ ഭാരതം അതോടെ ആഗോള വ്യാപാര കേന്ദ്രമായി മാറും.
അയല്‍രാജ്യങ്ങളുടെ പ്രതിസന്ധി
ഭാരതം-അമേരിക്ക സഹകരണം രാഹുലിനെയും ചൈനയെയും പോലെ തന്നെ പാകിസ്ഥാനും ബംഗ്ലാദേശിനും അസ്വസ്ഥതയുണ്ടാക്കുന്നു. ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കിയ വ്യാപാര കരാറിന്റെ ആഘാതത്തില്‍നിന്ന് മോചിതരാവും മുമ്പാണ് ഇരു രാജ്യങ്ങള്‍ക്കും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായത്. ഭാരതം യൂറോപ്യന്‍ യൂണിയന്‍ കരാറിന്റെ ഭാഗമായി വസ്ത്രം-തുണിത്തരങ്ങളുടെ കയറ്റുമതിയിലൂടെ പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടാക്കിയിരുന്ന ബില്യന്‍ കണക്കിന് ഡോളറാണ് ഭാരതത്തിന്റെ കടന്നുവരവോടെ നഷ്ടപ്പെടാന്‍ പോകുന്നത്.
അമേരിക്കയുമായുള്ള കരാര്‍ കൂടി വരുന്നതോടെ ഈ മേധാവിത്വം വര്‍ദ്ധിക്കും. ഇതുവരെ വികസ്വര രാജ്യങ്ങളെന്ന നിലയില്‍ പാകിസ്ഥാന്റെയും ബഗ്ലാദേശിന്റേയും ഭൂരിഭാഗം ചരക്കുകള്‍ക്ക് യൂറോപ്യന്‍ വിപണികളില്‍ ഇറക്കുമതി ചുങ്കം കുറവായിരുന്നു. ഇത് 12 ശതമാനത്തിലധികം നികുതിയുണ്ടായിരുന്ന ഭാരത സാധങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു. അവര്‍ക്ക് ലഭിച്ചിരുന്ന നികുതിയിളവുകള്‍ ഭാരതത്തിന്റെ കടന്നുവരവോടെ അപ്രസക്തമാകും. യൂറോപ്യന്‍ വിപണിയില്‍ ഭാരതത്തിന് മേലുള്ള നികുതി ഒഴിവാക്കുകയും വില്‍പന വര്‍ധിക്കുകയും ചെയ്യും. ഇത് പാക്-ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥയെ ബാധിക്കും. അതുകൊണ്ട് തന്നെ ഭാരതത്തെ ഒരു അക്രമി രാഷ്‌ട്രമായി ചിത്രീകരിക്കാന്‍ ചൈന-പാക്-ബംഗ്ലാദേശ് സഖ്യം ശ്രമിക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്.
മോദി ട്രംപിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ഇന്‍ഡി സഖ്യം പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ട്രംപ് ലോക രാഷ്‌ട്രീയത്തില്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് കണ്ടത്. റഷ്യ, ഗ്രീന്‍ലാന്‍ഡ് വിഷയങ്ങളില്‍ യൂറോപ്പും, താരിഫ് വിഷയത്തില്‍ ഭാരതമടക്കമുള്ള രാജ്യങ്ങളും ട്രംപിനോട് അകന്നു. ആഭ്യന്തര വിമര്‍ശനങ്ങളും കോടതി വിധികളും ട്രംപിനെ പ്രതിരോധത്തിലാക്കി. താരിഫ് വിഷയത്തില്‍ യു.എസ് സുപ്രീം കോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടാവുമെന്ന വാര്‍ത്തകള്‍ വരുന്നു. അങ്ങനെ വന്നാല്‍ കോടിക്കണക്കിന് ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് അമേരിക്ക തിരിച്ചു നല്‍കേണ്ടി വരും. റഷ്യന്‍ എണ്ണയുടെ പേരില്‍ ഏര്‍പ്പെടുത്തിയ താരിഫ് യൂറോപ്പിനോടും ഭാരതത്തിന് മേല്‍ ചുമത്താന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും യൂറോപ്പ് അത് തള്ളുകയും ഭാരതവുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. സൗഹൃദ രാജ്യങ്ങളെയെല്ലാം പിണക്കിയ ട്രംപ് യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടു. ഇതില്‍ നിന്നു പുറത്തു കടക്കാനാണ് അദ്ദേഹം തന്നെ കരാര്‍ വിവരങ്ങള്‍ നയതന്ത്ര മര്യാദകള്‍ ലംഘിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി. കര്‍ഷകര്‍ക്ക് ദോഷകരമായ ഒന്നും കരാറിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യവിരുദ്ധ പ്രചരണങ്ങളില്‍ നിന്നും പ്രതിപക്ഷമാണ് പിന്മാറേണ്ടത്.
















