മലപ്പുറം: മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടി. ഉള്ളി ലോഡുമായി എത്തിയ ലോറിയിലാണ് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ചെമ്മാട് വഴി വന്നപ്പോളാണ് പിടിവീണത്. പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ലോറിയിൽ ബോക്സുകളിലാക്കിയാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ലോറി ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ചെമ്മാടുള്ള ഹോളോബ്രിക്സ് കടയ്‌ക്കുള്ളിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ രാത്രി വണ്ടിയെത്തി. ഒപ്പം കാറിൽ ആളുകളും എത്തിയിരുന്നു. ഇതിനിടെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഇതോടെ സ്ഥലത്തുള്ള എല്ലാവരും രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ ഉള്ളിക്കടിയിൽ വെച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ പാലക്കാട് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന വൻ സ്ഫോടക ശേഖരം കഴിഞ്ഞ ദിവസം പിടികൂടി. പാലക്കാട് ദേശീയ പാതയിലാണ് സംഭവം. തണ്ണിമത്തൻ ലോഡെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ പോലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തണ്ണിമത്തൻ ലോഡിന് താഴെയായി ഒരു ബോക്സിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്.
















