ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. വ്യാപാര ചട്ടക്കൂടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയാണ് കരാര്‍ എടുത്തുകാണിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍, സംരംഭകര്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മത്സ്യത്തൊഴിവാളികള്‍ തുടങ്ങിയവര്‍ക്ക് പുതിയ അവസരമാണ് കരാര്‍ വഴി തുറക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ പിന്‍വലിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനത്തിലേക്ക് കുറച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇന്ത്യയും യുഎസും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്.
നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങളെ കൂടുതല്‍ ആഴത്തിലാക്കാനും ഈ കരാര്‍ സഹായിക്കും. ആഗോള വളര്‍ച്ചയ്‌ക്ക് സംഭാവന നല്‍കാനും ഇത് വഴിവെക്കുമെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി കുറിച്ചു. അമേരിക്കയില്‍ നിന്ന് ഇന്ത്യ ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങിക്കും. അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിരോധം സഹകരണം വികസിപ്പിക്കുന്നതിനായി അമേരിക്കയുമായി ഇന്ത്യ സഹകരിക്കുമെന്നും പുതിയ ചട്ടക്കൂടില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പുതിയ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നു.
















