ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) 21ാമത് അഖില ഭാരതീയ സമ്മേളനം ഫെബ്രു. 6, 7, 8 തീയതികളില്‍ ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ നടക്കും.
ചരിത്രപശ്ചാത്തലം
1955 ജൂലൈ 23-ന് ബാലഗംഗാധര തിലകന്റെ ജന്മദിനത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ വെച്ചാണ് ദത്തോപാന്ത് ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ ബിഎംഎസ് രൂപീകരിച്ചത്. സംഘടന രൂപീകരിച്ച് 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1967-ല്‍ ദല്‍ഹിയില്‍ ആദ്യ ദേശീയ സമ്മേളനം നടന്നു. ആ സമ്മേളനത്തിലാണ് ദത്തോപാന്ത് ഠേംഗ്ഡിയെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 1973 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1967-ല്‍ ആര്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
1979-ല്‍ ട്രേഡ് യൂണിയന്‍ ഹിതപരിശോധനയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിഎംഎസ്, 1995 മുതല്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറി. ഇന്ന് എല്ലാ തൊഴില്‍ മേഖലകളിലും സാന്നിധ്യമറിയിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസ് വളര്‍ന്നു. ബിഎംഎസ് മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശത്തിന്റെ വിജയമാണിത്.
സമ്മേളന പരിപാടികള്‍
ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേന്ദ്ര തൊഴില്‍-കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. മിഷിക്കോ മിയാമോട്ടോ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍, ന്യൂദല്‍ഹി) മുഖ്യാതിഥിയായിരിക്കും.
അന്താരാഷ്‌ട്ര സെമിനാര്‍: ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അന്താരാഷ്‌ട്ര സിമ്പോസിയം ഉദ്ഘാടനം ചെയ്യും. 20-ഓളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതാവും സിമ്പോസിയം.
വനിതാ സമ്മേളനം: ‘ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സ്ത്രീ പങ്കാളിത്തം: വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഒഡീഷ ഡെപ്യൂട്ടി മുഖ്യമന്ത്രി പാര്‍വതി പരീഡ, വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിനിധി സംഗമം: രാജ്യത്തെ 7000-ഓളം അഫിലിയേറ്റഡ് യൂണിയനുകളില്‍ നിന്നും 45-ഓളം മഹാസംഘുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2500-ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 200-ഓളം പ്രതിനിധികള്‍ എത്തും. ഫെബ്രുവരി 7-ന് വൈകുന്നേരം സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന റാലിയും പൊതുസമ്മേളനവും നടക്കും.
പ്രധാന ലക്ഷ്യങ്ങള്‍
‘ശ്രമ് കാ ഗൗരവ്, രാഷ്‌ട്ര കാ ഗൗരവ്’ (അധ്വാനത്തിന്റെ അഭിമാനം, രാഷ്‌ട്രത്തിന്റെ അഭിമാനം) എന്നതാണ് ഈ സമ്മേളനത്തിന്റെ ആപ്തവാക്യം.
പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഗ്രാമീണ തോഴിലാളികളുടേയും അസംഘടിത തൊഴിലാളികളുടേയും പ്രവര്‍ത്തനം സക്രിയമായി സംയോജിപ്പിക്കും. വേതന സുരക്ഷ, തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കും. സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കണമെന്ന ലക്ഷ്യത്തോടെ, തൊഴിലാളി ശക്തിയെ രാഷ്‌ട്രഹിതത്തിനായി സമര്‍പ്പിക്കാനുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ ഈ സമ്മേളനത്തിലുണ്ടാകും.
















