തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് മരണാനന്തര ബഹുമതിയായി വിഎസ് അച്യുതാനന്ദന് നല്‍കിയ പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചു. വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാറാണ് പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
വിഎസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്‌പുകള്‍ക്ക് നന്ദിയെന്നും അരുണ്‍കുമാര്‍ കുറിച്ചു.
എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ വളരെ സന്തോഷമെന്നും സ്വീകരിക്കുമെന്നുമാണ് അരുണ്‍കുമാര്‍ പറഞ്ഞത്. ഇതിനോട് സിപിഎം നേതൃത്വം കടുത്ത അതൃപ്തി അന്ന് രേഖപ്പെടുത്തിയിരുന്നു.
ബിജെപി സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും പറഞ്ഞുവച്ചു. ഇതോടെയാണ് വിഎസിന്റെ കുടംബത്തിന് ചാഞ്ചാട്ടം ഉണ്ടായത്. പുരസ്‌കാരത്തിനോടുള്ള അതൃപ്തി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വ്യക്തമാക്കിയിരുന്നു.
കൂടാതെ അരുണ്‍കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒരുങ്ങുന്നുണ്ട്. അതും പുരസ്‌കാരം തിരസ്‌കരിക്കാന്‍ കാരണമാകാം. പാര്‍ട്ടി ഇംഗിതത്തിന് വിരുദ്ധമായി പുരസ്‌കാരം വാങ്ങിയാല്‍ സീറ്റ് കിട്ടില്ലെന്ന ഭയം ഉണ്ടാകാം.
















