പുരി (ഒഡീഷ): ബിഎംഎസ് 21-ാം ദേശീയ സമ്മേളനത്തിന് ഇന്ന് പുരിയില്‍ തുടക്കമാകും. ‘തൊഴിലാളിയുടെ അഭിമാനം രാഷ്‌ട്രത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയര്‍ത്തിയുള്ള സമ്മേളനം രാവിലെ 10.30ന് കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ അധ്യക്ഷനാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സൗത്ത് ഏഷ്യ ഡയറക്ടര്‍ മിഷിക്കോ മിയാമോട്ടോ മുഖ്യാതിഥിയാകും.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ വൈകിട്ട് 3.30ന് നടക്കുന്ന അന്താരാഷ്‌ട്ര സെമിനാര്‍ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി ഉദ്ഘാടനം ചെയ്യും. 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.
ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കല്‍- വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ നാളെ രാവിലെ 11.15ന് നടക്കുന്ന ദേശീയ സെമിനാറില്‍ ഒഡീഷ ഉപമുഖ്യമന്ത്രി പാര്‍വതി പരീഡ മുഖ്യാതിഥിയാകും. ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍, ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 3ന് നടക്കുന്ന തൊഴിലാളി റാലിയും തുടര്‍ന്നുള്ള പൊതുയോഗവും സംഘടനാശക്തി വിളിച്ചോതുന്നതാകും. ഒഡീഷയിലെ പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും റാലിയില്‍ പങ്കെടുക്കും.
എഐ കാലത്ത് തൊഴില്‍ മേഖല നേരിടുന്ന പുതിയ വെല്ലുവിളികളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകളും പ്രമേയങ്ങളും സമ്മേളനത്തിലുണ്ടാകും. 8 വരെ നീളുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 2500ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
















