കോട്ടയം: സോഷ്യല്‍ മീഡിയ കൊണ്ടാടുന്ന കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം.എ ഷഹനാസിന്‌റെ വ്യാജ സിവില്‍ സര്‍വീസ് സ്‌റ്റോറി സത്യമോ, അതോ രാഹുല്‍ മാങ്കൂട്ടത്തില്‍ ബ്രിഗേഡിന്‌റെ കള്ള പ്രചാരണമോ? 2014ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഷഹനാസ് തനിക്ക് ഐഎഎസ്. ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് കോളേജ് അധികൃതരെക്കാണ്ട് ചടങ്ങു നടത്തി അനുമോദനം ഏറ്റുവാങ്ങിയെന്ന തരത്തിലാണ് വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. നാട്ടിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെപ്പിച്ചെന്നും സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ അതിജീവതകളുടെ പ്രധാന വക്താവായി രംഗത്തുവരുന്ന കോണ്‍ഗ്രസ് നേതാവാണ് ഷഹനാസ്. അവരുടെ വ്യക്തിത്വത്തിനുതന്നെ കളങ്കമായ ഇത്തരമൊരു കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായി. എന്നാല്‍ ഇതുവരെ അതു നിഷേധിക്കാന്‍ ഷഹനാസ് തയ്യാറായിട്ടില്ല. ഷഹനാസോ, പാര്‍ട്ടിയുടെ സാംസ്‌കാരിക നായികയായി ഇവരെ മുന്നില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് അണികളില്‍ നിന്നുയരുന്ന ആവശ്യം.
















