മഹ്ബൂബ്‌നഗർ: തെലങ്കാനയിൽ സനാതന ധർമ്മത്തിനെതിരെയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയും ക്ഷേത്രഭൂമിയിൽ കൈയേറ്റങ്ങൾ നടന്നതായും ആരോപണങ്ങൾ ഉയർന്നിട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.തെലങ്കാന മുനിസിപ്പൽ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മഹ്ബൂബ്‌നഗറിൽ നടന്ന ബിജെപിയുടെ വിജയ് സങ്കൽപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിതിൻ നബിൻ.
കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നബിൻ ആരോപിച്ചു. കടം എഴുതിത്തള്ളൽ, കർഷകത്തൊഴിലാളികൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെ കർഷകർക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കിയിട്ടില്ല. പട്ടികജാതി, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ സർക്കാർ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ വികസന പ്രവർത്തനങ്ങൾക്കും ബിൽ അംഗീകാരങ്ങൾക്കും ആർആർ നികുതി അല്ലെങ്കിൽ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ അഴിമതി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ അഴിമതി നിറഞ്ഞതും കമ്മീഷൻ നയിക്കുന്നതുമായ സർക്കാരിനെ പിഴുതെറിയണം. നീതി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തെലങ്കാനയ്‌ക്ക് കേന്ദ്രസർക്കാർ നൽകിയ സംഭാവനകളെ ബിജെപി ദേശീയ പ്രസിഡന്റ് എടുത്തുപറഞ്ഞു. സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്കായി കേന്ദ്രസർക്കാർ 5,400 കോടിയിലധികം രൂപ അനുവദിച്ചതായും മൂന്ന് അതിവേഗ റെയിൽ ഇടനാഴികൾക്ക് അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ രണ്ട് വ്യാവസായിക ഇടനാഴികൾ നിർമ്മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ കോൺഗ്രസ് പാർട്ടിയെ പരാമർശിച്ച് നിതിൻ നബിൻ കോൺഗ്രസ് നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ മുസ്ലീം വോട്ട് ബാങ്കിനായി മത്സരിക്കുന്നു. അവരുടെ ഭരണകാലത്ത് ദുർബല വിഭാഗങ്ങൾക്ക് നീതി ലഭിച്ചില്ല. എസ്‌സി, എസ്ടി ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്‌ക്കുകയാണ്, അതേസമയം വഖഫ് ബോർഡിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനു പുറമെ ഹിന്ദു വിശ്വാസങ്ങളെ തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ബിജെപി എതിർക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കിടയിലും, കോൺഗ്രസ് സർക്കാർ മൗനം പാലിക്കുന്നു. ക്ഷേത്രഭൂമികൾ കൈയേറിയിരിക്കുകയാണ്, ഹിന്ദു വികാരങ്ങൾ വ്രണപ്പെടുന്നു. സംസ്ഥാനത്ത് സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾ തങ്ങൾ സഹിക്കില്ലെന്നും നബിൻ കൂട്ടിച്ചേർത്തു. ബിജെപി ദേശീയ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം അദ്ദേഹം ആദ്യമായിട്ടാണ് അദ്ദേഹം തെലങ്കാന സന്ദർശിച്ചത്.















