തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുഖം തിരിച്ചതോടെ കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ. ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനുള്ള സാധ്യത അടഞ്ഞു. 2026–27 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനായി രാജ്യത്തുടനീളം 10 പുതിയ ഇ.എസ്.ഐ. മെഡിക്കൽ കോളേജുകൾ ആരംഭിക്കാനായിരുന്നു ഇ.എസ്.ഐ. കോർപ്പറേഷന്റെ പദ്ധതി. എന്നാൽ കേരളത്തിൽ നിർണായകമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതോടെ കൊല്ലം ഇ.എസ്.ഐ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തുന്ന പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.
ഫെബ്രുവരി മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്നു. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ല. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമായാൽ രാഷ്‌ട്രീയമായി എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും ബിജെപിക്കും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സർക്കാർ പദ്ധതിയോട് മുഖംതിരിക്കാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.കൊല്ലം ഇ.എസ്.ഐ. മെഡിക്കൽ കോളേജിനും അനുബന്ധ ആശുപത്രി വികസനത്തിനുമായി ഏകദേശം 600 കോടി രൂപയാണ് ഇ.എസ്.ഐ. കോർപ്പറേഷൻ മുടക്കാൻ തയ്യാറായിരുന്നത്.
50 എം.ബി.ബി.എസ്. സീറ്റുകളാണ് നിർദേശിച്ചിരുന്നത്. ഇതിൽ 20 ശതമാനം സീറ്റുകൾ ഇ.എസ്.ഐ.-യിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്യാനും തീരുമാനിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് പാരിപ്പള്ളിയിൽ ഒരു മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ട്.600 കോടി രൂപയുടെ നിക്ഷേപവും 50 എംബിബിഎസ് സീറ്റുകളുമാണ് ഇതോടെ കൊല്ലത്തിന് നഷ്ടമാകുന്നത്. കൊല്ലത്തിന് വലിയ നഷ്ടമാണ് ഈ വേണ്ടെന്ന് വയ്‌ക്കല്‍ നല്‍കുന്നത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സ്വന്തം ജില്ലയിലാണ് ഈ നഷ്ടം.
മറ്റ് ഒമ്പത് സംസ്ഥാനങ്ങളും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിൽ കേരളം ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിയെയും ആരോഗ്യ, തൊഴിൽ മന്ത്രിമാരെയും നേരിൽ കണ്ടതായി അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും ഇക്കാര്യം അദ്ദേഹം ചർച്ച ചെയ്തു. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത് ആരോഗ്യ മന്ത്രിയോട് സംസാരിക്കാമെന്ന മറുപടിയായിരുന്നു എന്നും എം.പി. ആരോപിച്ചു.
ഇതിന് പുറമെ, പ്രധാനമന്ത്രിയുടെ ഓഫീസിലൂടെ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടുകയും, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവരുമായി വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ദുരൂഹമാണെന്നും, കൊല്ലത്ത് സ്വകാര്യ ആശുപത്രികൾക്ക് സമാനമായ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയുടെ വാണിജ്യതാത്പര്യമാണ് ഇതിന് പിന്നിലെന്നുമാണ് എൻ.കെ. പ്രേമചന്ദ്രന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കാഞ്ഞതിനാല്‍ കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നുവെന്നതാണ് വസ്തുത.
















