2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നു. ക്യാന്‍സര്‍ അതിജീവനത്തിന്റെ വ്യക്തിപരമായ യാത്രകളെ മാനിച്ചുകൊണ്ട് “United by Unique” എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഓരോ രോഗിയുടെയും രോഗനിര്‍ണ്ണയം, വേദന, രോഗശാന്തി, സഹിഷ്ണുത എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ പോരാട്ടങ്ങളെ ഈ സന്ദേശം അടയാളപ്പെടുത്തുന്നു.
എന്താണ് ക്യാന്‍സര്‍?
ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായും അസാധാരണമായും വളരുകയും വിഭജിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രക്താര്‍ബുദം (Leukemia) ഒഴികെയുള്ള മിക്ക ക്യാന്‍സറുകളും മുഴകളായി (Tumors) പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രക്തം, ലിംഫ്, നാഡികള്‍ എന്നിവയിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
ട്യൂമറുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം:
ബിനൈന്‍ ട്യൂമര്‍ (Benign Tumor): ഇവ മാരകമല്ല, സാവധാനം വളരുന്നു, മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ല. എന്നാല്‍ സുപ്രധാന അവയവങ്ങളെ ബാധിക്കുമ്പോള്‍ ഇവ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
മാലിഗ്‌നന്റ് ട്യൂമര്‍ (Malignant Tumor): ഇവ മാരകമാണ്, വേഗത്തില്‍ വളരുന്നു, മെറ്റാസ്റ്റാസിസ് വഴി ശരീരമാകെ വ്യാപിക്കുന്നു.
പ്രധാന ക്യാന്‍സറുകള്‍
കാര്‍സിനോമ: എപ്പിത്തീലിയല്‍ കോശങ്ങളില്‍ നിന്നുണ്ടാകുന്നു (ഉദാ: സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശ ക്യാന്‍സറുകള്‍).
സാര്‍ക്കോമ: കണക്റ്റീവ് ടിഷ്യൂവില്‍ (അസ്ഥി, പേശികള്‍) നിന്നുണ്ടാകുന്നു.
ലുക്കീമിയ: രക്തകോശങ്ങളെ ബാധിക്കുന്നു
ലിംഫോമ & മള്‍ട്ടിപ്പിള്‍ മൈലോമ: പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു.
മറ്റുള്ളവ: കേന്ദ്ര നാഡീവ്യൂഹം (മസ്തിഷ്‌കം, സുഷുമ്‌ന), വായ, വന്‍കുടല്‍ എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍.
രോഗലക്ഷണങ്ങള്‍: ക്യാന്‍സര്‍ ബാധിക്കുന്ന അവയവത്തിനനുസരിച്ച് ലക്ഷണങ്ങള്‍ മാറാം. പൊതുവായ ലക്ഷണങ്ങള്‍ താഴെ പറയുന്നു.
വിട്ടുമാറാത്ത തലവേദന, കാഴ്ച മങ്ങല്‍, അസാധാരണമായ ശരീരഭാരക്കുറവ്, ക്ഷീണം, വിട്ടുമാറാത്ത ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍, കരിയാത്ത വ്രണങ്ങള്‍, സ്തനങ്ങളിലെ മാറ്റങ്ങള്‍, അസാധാരണമായ മുഴകള്‍, വായയിലെ വെളുത്ത പാടുകള്‍, വിട്ടുമാറാത്ത അള്‍സര്‍, അസാധാരണമായ രക്തസ്രാവം, മലമൂത്ര വിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍.
ക്യാന്‍സര്‍ പ്രതിരോധം
സമീകൃതാഹാരം ശീലമാക്കുക; പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം എന്നിവ ഒഴിവാക്കുക.
പുകയില, മദ്യം എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുക.
അമിതമായി വെയില്‍ (യു വി രശ്മികള്‍) ഏല്‍ക്കാതിരിക്കുക.
കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്തുക.
പരിസ്ഥിതി സംരക്ഷണം: പ്ലാസ്റ്റിക് കത്തിക്കുന്നത് ഒഴിവാക്കുക, രാസവസ്തുക്കളുടെ അമിത ഉപയോഗം കുറയ്‌ക്കുക.
എച്ച്.പി.വി വാക്‌സിനേഷന്‍ സ്വീകരിക്കുക.
ചികിത്സ: സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഹോമിയോപ്പതി, ആയുര്‍വേദ, സിദ്ധ ചികിത്സകള്‍ എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍. ഏത് വൈദ്യ ശാസ്ത്ര ശാഖയിലാണോ ശരിയായ മരുന്നുകള്‍ ലഭ്യമാകുന്നത്, അതനുസരിച്ച് ചികിത്സകള്‍ നിശ്ചയിക്കണം.
(ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
















