കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിലെ ഗേറ്റ് കീപ്പർ തടഞ്ഞു. പിന്നാലെ പ്രധാന അധ്യാപിക സിന്ധു ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്.
കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്ന് രാവിലെ സ്‌കൂളിൽ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ തടഞ്ഞത്.
മുൻപും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്. കുട്ടികൾക്ക് നൽകാനുള്ള മുട്ടയുമായാണ് അധ്യാപിക സ്‌കൂളിൽ എത്തിയിരുന്നത്.അതേ സമയം എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
















