തിരുവനന്തപുരം: ബിഎഫ്എ മ്യൂറല്‍ പെയിന്റിങ് പരീക്ഷയില്‍ തോറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്എംഎഫ്എക്ക് പ്രവേശനം നല്‍കി. ബിഎഫ്എ തോറ്റയാളെ ജയിച്ചതായി പ്രഖ്യാപിക്കാന്‍ കാലടി സംസ്‌കൃത സര്‍വകലാശാല ഇടത് സിന്‍ഡിക്കേറ്റിന്റെ വിചിത്രമായ തീരുമാനം.
നാല് വര്‍ഷ ബിഎഫ്എ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് മുന്‍ വിസി ധര്‍മരാജ് അടാട്ട് 2021 ല്‍ എംഎഫ്എക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ 2023 ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താത്ക്കാലിക വിസി കെ.കെ. ഗീതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ബിഎഫ്എ പാസാകാത്തത് കൊണ്ട് പരീക്ഷാ വിഭാഗം ഈ വിദ്യാര്‍ത്ഥിയുടെ എംഎഫ്എ പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വര്‍ഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. 20 വര്‍ഷം മുമ്പ് തോറ്റ ഒരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ പരിഗണിച്ച് പരീക്ഷ ജയിച്ചതായി പ്രഖ്യാപിക്കുന്നത്ആദ്യമായാണ്. എംഎഫ്എക്ക് പ്രവേശനം നല്‍കുമ്പോള്‍ ബിഎഫ്എ പാസായ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. പ്രവേശനം നല്‍കുമ്പോള്‍ വകുപ്പിലെ അദ്ധ്യാപകര്‍ക്ക് ഇത് ബോധ്യമുണ്ടായിരുന്നുവെങ്കിലും രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവില്‍ എംഎഫ്എക്ക് പ്രവേശനം നല്‍കുകയായിരുന്നു.
സര്‍വകലാശാലയുടെ ചട്ടങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട താത്ക്കാലിക വിസി ഡോ. കെ.കെ. ഗീതാകുമാരിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഡോ. ധര്‍മരാജ് അടാട്ട് വിസി ആയിരുന്നപ്പോള്‍ ബി.എ പാസാകാത്ത ആറ് പേര്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയത് വിവാദമായിരുന്നു. പരാതിയെ തുടര്‍ന്ന് കുറച്ചുനാള്‍ വിസിയുടെ ചുമതല വഹിച്ചിരുന്ന കാലിക്കറ്റ് വിസി ഡോ. ജയരാജ് പ്രവേശനം റദ്ദാക്കിയിരുന്നു.















