ലോസ് ഏഞ്ചല്‍സ്: ടിബറ്റന്‍ ആത്മീയഗുരു ദലൈലാമയ്‌ക്കും ഹോളീവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും 68ാമത് ഗ്രാമി പുരസ്‌കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോഡിങ് എന്നീ വിഭാഗത്തിലാണ് ദലൈലാമ പുരസ്‌കാരം നേടിയത്. മെഡിറ്റേഷന്‍സ്: ദ റിഫഌക്ഷന്‍സ് ഓഫ് ഹിസ് ഹോളിനെസ് ദ് ദലൈലാമ എന്ന സ്‌പോക്കണ്‍- വേര്‍ഡ് ആല്‍ബത്തിനാണ് ഈ അംഗീകാരം.
സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആല്‍ബത്തിന്റെ ഉള്ളടക്കം. ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ ഒരുക്കിയ ഈ ആല്‍ബത്തില്‍ സരോദ് വാദ്യോപകരണ വിദഗ്ധനായ ഉസ്താദ് അംജദ് അലി ഖാനും മക്കളായ അമാന്‍ അലി ബംഗാഷ്, അയാന്‍ അലി ബംഗാഷ് എന്നിവരും സംഗീതം നല്‍കിയിട്ടുണ്ട്. ദലൈലാമയുടെ ആദ്യ ഗ്രാമി പുരസ്‌കാരമാണ്. യുഎസ് സുപ്രീംകോടതി ജസ്റ്റിസ് കേതഞ്ചി ബ്രൗണ്‍ ജാക്സണ്‍, പ്രശസ്ത കൊമേഡിയന്‍ ട്രെവര്‍ നോഹ എന്നിവരെ പിന്തള്ളിയാണ് ദലൈലാമ ഗ്രാമി പുരസ്‌കാരം നേടിയത്. ഗ്രാമി പുരസ്‌കാരം വ്യക്തിപരമായ നേട്ടമായി ഞാന്‍ കാണുന്നില്ല. മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിനുള്ള അംഗീകാരമാണിതെന്നും പുരസ്‌കാര വാര്‍ത്തകളോട് ദലൈലാമ പ്രതികരിച്ചു.
സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസിനാണ് മികച്ച സംഗീത സിനിമയ്‌ക്കുള്ള പുരസ്‌കാരം. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്‌കര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരനെന്ന ബഹുമതി ഇനി സ്പില്‍ബര്‍ഗിന് സ്വന്തമാകും. കെ- പോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സിലെ ഗോള്‍ഡന്‍ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും നേടി.
ലോസ് ഏഞ്ചല്‍സിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയില്‍ വച്ചാണ് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവയായിരുന്നു അവതാരകന്‍. തുടര്‍ച്ചയായി ആറാം തവണയാണ് ട്രെവര്‍ ഗ്രാമിയുടെ അവതാരകനാകുന്നത്.
















