കോട്ടയം : റബര്‍ ഉള്‍പ്പെടുന്ന കാര്‍ഷികമേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതികളും ഉയര്‍ന്ന ബജറ്റ് വിഹിതവുമാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ബിജെപി നേതാവ് എന്‍.ഹരി. റബര്‍ മേഖലയ്‌ക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് ഉള്ളത്. 367 കോടി രൂപ. കാപ്പി, തേയില, നെല്‍ കൃഷി പ്രോത്സാഹനത്തിനും വൈവിധ്യവല്‍ക്കരണത്തിനും ആയി സമീപകാലത്ത് ഇല്ലാത്ത പരിഗണനയാണ് നല്‍കിയിരിക്കുന്നത്. കര്‍ഷക ക്ഷേമ ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും കേന്ദ്രസര്‍ക്കാരിനും അഭിനന്ദനങ്ങളെന്നും എന്‍ ഹരി പറഞ്ഞു.
ടീബോര്‍ഡ് 380 കോടി, കോഫി ബോര്‍ഡ് 285. 6 കോടി റബര്‍ ബോര്‍ഡ് 367. 52 കോടി, സ്‌പൈസസ് ബോര്‍ഡ് 156.89 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ നാണ്യവിളകളുടെ നട്ടെല്ലായ റബറിന് ഉത്തേജനവും പ്രോത്സാഹനവും നല്‍കുന്ന വന്‍ പരിഗണനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നി വിളകള്‍ക്കും മുന്തിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
റബര്‍കൃഷിയെയും കര്‍ഷകരെയും സംസ്ഥാന ബജറ്റില്‍ പൂര്‍ണമായി അവഗണിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയ്‌ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ബജറ്റ്.റബറിന് താങ്ങുവില ഉയര്‍ത്തുന്നത് പോലും പ്രഖ്യാപിക്കാതെ കര്‍ഷക വിരുദ്ധമായ ബജറ്റ് ആണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത്. റബറിനെയും റബര്‍ കര്‍ഷകരെയും റബര്‍മേഖലയെയും എന്നും ചേര്‍ത്ത് പിടിച്ചിട്ടുള്ളത് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരാണെന്ന് വീണ്ടും പകല്‍പോലെ വ്യക്തമാവുകയാണെന്ന് എന്‍ ഹരി പറഞ്ഞു.
















