ബെംഗളൂരു: കര്‍ണ്ണാടകയിലെ കഫേ കോഫി ഡേ സ്ഥാപന ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണത്തെ സി.ജെ. റോയിയുടെ മരണവുമായി താരതമ്യം ചെയ്ത് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങള്‍ കഥകള്‍ പടച്ചുവിടുന്നുണ്ട്. ആദായനികുതി വകുപ്പ് വേട്ടയാടിയതുകൊണ്ട് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തു, അതുപോലെ തന്നെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി സ്വയം വെടിവെച്ച് മരിച്ചു. ഇതിന് രണ്ടിനും കാരണം ആദായനികുതി വകുപ്പിന്റെ അതല്ലെങ്കില്‍ മോദി സര്‍ക്കാരിന്റെ ടാക്സ് ടെററിസം അഥവാ നികുതി ഭീകരത ആണ് എന്നാണ് ആരോപണം.
ഈ ആരോപണം ശരിയാണോ എന്ന് പരിശോധിക്കാം. വാസ്തവത്തില്‍ നികുതി ഭീകരതയല്ല, നോട്ട് നിരോധനമാണ് കോഫി ഡേ എന്ന സ്ഥാപനത്തിന്റെ ഉടമ വി.ജി. സിദ്ധാര്‍ത്ഥ എന്ന ബിസിനസുകാരനെ മരണത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹത്തിന്റെ കഥ പരിശോധിച്ചാല്‍ മനസ്സിലാകും. അതല്ലാതെ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച നികുതി ഭീകരത(ടാക്സ് ടെററിസം)യും സിദ്ധാര്‍ത്ഥയുടെ മരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അങ്ങിനെ കേരളത്തിലേതുള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സത്യം മറ്റൊന്നാണ്.
സാദാ കോഫിയില്‍ നിന്നും ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ശ്രമിച്ച വി.ജി. സിദ്ധാര്‍ത്ഥയുടെ കഥ
കര്‍ണ്ണാടകയിലെ മുന്‍മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുടെ മരുമകനാണ് വി.ജി. സിദ്ധാര്‍ത്ഥ. 140 വര്‍ഷമായി ഏക്കര്‍കണക്കിന് തോട്ടത്തില്‍ കാപ്പികൃഷി നടത്തുന്ന വലിയൊരു ധനികകുടുംബത്തിലെ അംഗമാണ് സിദ്ധാര്‍ത്ഥ. അദ്ദേഹം കഫേ കോഫി ഡേയുടെ സ്ഥാപകന്‍ മാത്രമല്ല, മൈന്‍ഡ് ട്രീ ഉള്‍പ്പെടെയുള്ള ചില കമ്പനികളുടെ ഉടമ കൂടിയാണ്.
1996ല്‍ ആണ് ബെംഗളൂരില്‍ സിദ്ധാര്‍ത്ഥ ആദ്യ കഫേ കോഫി ഡേ ആരംഭിച്ചത്. കോഫി കുടിക്കുന്ന ഇന്ത്യയിലെ സംസ്കാരം മാറ്റിമറിക്കുകതിലൂടെ വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതായിരുന്നു സിദ്ധാര്‍ത്ഥയുടെ ലക്ഷ്യം. വൈവിധ്യമാര്‍ന്ന കോഫി ഡ്രിങ്ക് വില്‍ക്കുന്ന ട്ചിബോ എന്ന ജര്‍മ്മന്‍കമ്പനിയെ അനുകരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ. കോഫി ഡേയുടെ മാതൃകമ്പനിയുടെ പേര് കോഫി ഡേ റിസോര്‍ട്ട് എന്നായിരുന്നു. റിസോര്‍ട്ടും ഐടി പാര്‍ക്കും ഐടി കമ്പനിയും എല്ലാം കോഫി ഡേ റിസോര്‍ട്ടിന്റെ ഭാഗമായിരുന്നു.
ഈ കോഫി ഡേ റിസോര്‍ട്ടിലേക്ക് അമേരിക്കയിലെ ഒരു പ്രൈവറ്റ് ഇക്വിറ്റി കമ്പനി ആയിരം കോടി രൂപ മുതല്‍ മുടക്കിയതോടെ കോഫി ഡേ ഒരു അഭിമാനബിസിനസ്സായി മാറി. ഈ കോഫി ഡേ റിസോര്‍ട്ടിന്റെ ഭാഗമായാണ് സിദ്ധാര്‍ത്ഥ കഫേ കോഫി ഡേ ആരംഭിച്ചത്. കോഫി അടിസ്ഥാനമാക്കിയുള്ള രസകരമായ ഡ്രിങ്കുകള്‍ ആയിരുന്നു കഫേ കോഫി ഡേ വിറ്റിരുന്നത്. കൂടെ കഴിക്കാന്‍ സ്നാകുകളും. മാതൃകമ്പനിയായ കോഫി ഡേ റിസോര്‍ട്ടിലേക്ക് കൂടുതല്‍ സ്വകാര്യനിക്ഷേപമൊഴുകി. ഏകദേശം 75 കോടി ഡോളറോളം പല പ്രൈവറ്റ് ഇക്വിറ്റികളും നിക്ഷേപിച്ചു. പക്ഷെ 2019ആകുമ്പോഴേക്കും ഒരു ഭാഗത്ത് കമ്പനിയുടെ കടം കുമിഞ്ഞുകൂടി. കഫേ കോഫി ഡേ ബിസിനസ് ഒരു ബിസിനസ് എന്ന നിലയില്‍ പരാജയമായിരുന്നു. ഇവിടെ കടം ഏകദേശം 360 കോടി ഡോളറോളമായി ഉയര്‍ന്നിരുന്നു. ശരിയ്‌ക്കും പറഞ്ഞാല്‍ കമ്പനിയുടെ പേരിലും വ്യക്തിപരമായും വി.ജി. സിദ്ധാര്‍ത്ഥയുടെ പേരില്‍ ഏകദേശം 10,000 കോടി രൂപ മുതല്‍ 11,000 കോടി രൂപ വരെ കടം ഉണ്ടായിരുന്നു. ഈ കടം നികത്താല്‍ സിദ്ധാര്‍ത്ഥ തന്റെ ഉടമസ്ഥതയിലുള്ള മൈന്‍ഡ് ട്രീ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ 20 ശതമാനം ഓഹരി എല്‍ ആന്‍റ് ടിയ്‌ക്ക് 3200 കോടി രൂപയ്‌ക്ക് വിറ്റു. ഇതിന് പുറമെ കഫേ കോഫി ഡേയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് കൊക്കകോള കമ്പനിയ്‌ക്ക് വില്‍ക്കാനും ശ്രമം നടത്തി. പക്ഷെ ഇതൊന്നും നടന്നില്ല. ബാങ്കുകള്‍ അവരുടെ വായ്‌പകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിരുന്നു. മാത്രമല്ല, പല ശാഖകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന പരാതി ഉണ്ടായതോടെയാണ് ആദായനികുതി ഇടപെട്ട് തുടങ്ങിയത്.
അദ്ദേഹത്തിന്റെ മറ്റ് ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ കടം നന്നേ കുറവാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ബാങ്കില്‍ നിന്നുള്ള കടബാധ്യത പൂര്‍ണ്ണമായും തീര്‍ക്കാതിരുന്നത് എന്ന ചോദ്യവും ബാക്കിയാണ്. നേത്രാവതി പുഴയില്‍ നിന്നാണ് സിദ്ധാര്‍ത്ഥയുടെ ജഡം പിന്നീട് കണ്ടെത്തിയത്. മാംഗളൂരു ഹൈവേയിലെ ഉല്ലാല്‍ പാലത്തിന് മുകളില്‍ നിന്നും നേത്രാവതിപുഴയിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു അദ്ദേഹം. അന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ ശല്യപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ മാനസിക സമ്മര്‍ദ്ദത്തിന് കാരണമായി ചില മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നത്.
ഡി.കെ. ശിവകുമാറിനെതിരെ ആരോപണം
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും നേതാവുമായ എസ്.എം. കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. അന്ന് കൃഷ്ണയുടെ ബന്ധം ഉപയോഗിച്ച്
ഡി.കെ. ശിവകുമാര്‍ സിദ്ധാര്‍ത്ഥയിലൂടെ ധാരാളമായി കള്ളപ്പണം വെളുപ്പിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു. ഇഡി ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നത് ഇക്കാലയളവിലേത് ഉള്‍പ്പെടെയുള്ള കള്ളപ്പണ ഇടപാടുകളുടെ പേരിലായിരുന്നു.
അന്ന് എച്ച്. ഡി. കുമാരസ്വാമി വലിയ ആരോപണമാണ് ഡി.കെ. ശിവകുമാറിന് എതിരെ ഉന്നയിച്ചത്:” വെറും റൗഡി ആയിരുന്ന സമയത്താണ് ശിവകുമാറിന് കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്രമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ ഒരു രാഷ്‌ട്രീയ ജീവിതം നൽകിയത്. സിദ്ധാർത്ഥയുടെ മരണത്തിന് ഉത്തരവാദികൾ ആരാണെന്ന് ശിവകുമാര്‍ ജനങ്ങളോട് പറയണം. ശിവകുമാറാണ് കഫേ കോഫി ഡേയുടെ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണക്കാരന്‍.” കഫേ കോഫിഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥ 2019 ജൂലായില്‍ ജീവനൊടുക്കുമ്പോള്‍ ഇന്ത്യയില്‍ ഉടനീളം 240 നഗരങ്ങളില്‍ 1750 കഫേ കോഫി ഡേ ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കഫേ കോഫി ഡേയില്‍ ഒരിയ്‌ക്കലും തിരക്കുണ്ടായിരുന്നില്ല. പിന്നെ എങ്ങിനെയാണ് അവ ലാഭത്തിലാവുക? പകരം ഇവയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിരുന്നവെന്നാണ് എച്ച്.ഡി.കുമാരസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്.
ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കല്ല, ആദായനികുതി തേടുന്നത് നികുതി വെട്ടിപ്പ് നടത്തുന്നവരെ
രാജ്യത്ത് ആദായനികുതി ഓഫീസുകള്‍ വെറുതെ പൊന്തിവന്നതല്ല. ഹോണ്ടുറാസ്, ഗ്വാട്ടിമാല, നിക്വാരാഗ്വ തുടങ്ങിയ രാജ്യങ്ങളുടേത് മാതിരി ഇന്ത്യ ഒരു ബനാനാ റിപ്പബ്ലിക്കല്ല. ഈ രാജ്യങ്ങളില്‍ നിയമങ്ങളില്ല, കൈയ്യുക്കുള്ളവന്‍ കാര്യക്കാരനാണ്. പക്ഷെ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് നിയമവാഴ്ച ശക്തമായി നിലനില്‍ക്കുന്നു. അവിടെ പണത്തിന്റെ പോക്കുവരവുകളില്‍ അസാധാരണമായ ഒഴുക്കുണ്ടായാല്‍ അത് കണ്ടെത്താനാണ് ആദായനികുതി പോലുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അവരാണ് സിദ്ധാര്‍ത്ഥയെയും കഫേ കോഫി ഡേയെയും പിടികൂടിയത്. എസ്. എം. കൃഷ്ണ എന്ന ശക്തനായ, കേന്ദ്രമന്ത്രിയായിരുന്ന വ്യക്തി സിദ്ധാര്‍ത്ഥയുടെ ഭാര്യയുടെ അച്ഛനായിരുന്നാലും, നിയമം നിയമത്തിന്റെ വഴിക്കേ പോകൂ. അതാണ് സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ സംഭവിച്ചത്. പലര്‍ക്കും പണം നല്‍കിയിരുന്ന ഒരാളുടെ മരണത്തില്‍ നമുക്കെല്ലാം ദുഖമുണ്ടായിരിക്കാം. പക്ഷെ നിയമവാഴ്ചയ്‌ക്ക് മുന്‍പില്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കില്ല.
സിദ്ധാര്‍ത്ഥയ്‌ക്ക് കൂടുതല്‍ കുരുക്കായി മാറിയത് നോട്ട് നിരോധനം?
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതും കള്ളപ്പണത്തിന്റെ പോക്കുവരവ് ശക്തമായി തടഞ്ഞതും സിദ്ധാര്‍ത്ഥയുടെ ബിസിനസിന് വിലങ്ങുതടിയായി എന്നും വിമര്‍ശനമുണ്ടായിരുന്നു.. പഴയതുപോലെ ബില്ലില്ലാതെ കള്ളപ്പണം ഒഴുക്കാനും കഴിയാതായി. ഇതെല്ലാം ചേര്‍ന്നുള്ള സമ്മര്‍ദ്ദമാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നില്‍ എന്നും പലരും അന്ന് വിലയിരുത്തിയിരുന്നു. പിന്നീട് ഡി.കെ. ശിവകുമാറിന്റെ മകളെ സിദ്ധാര്‍ത്ഥയുടെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതിലും പലരും പല വിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു.
പക്ഷെ ഇവിടെ നിലനില്‍ക്കുന്ന ലിബറല്‍, ഇടത്, ജിഹാദി മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ടാക്സ് ടെററിസമാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിന് കാരണമെന്ന് ഒറ്റ വരിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ടാക്സ് ടെററിസം അതല്ലെങ്കില്‍ നികുതി ഭീകരത കാരണമാണ് സിദ്ധാര്‍ത്ഥ മരിച്ചത് എന്നാണ് അവര്‍ ഉറക്കെ വിളിച്ചുപറയുന്നത്. ഇത് കേന്ദ്രസര്‍ക്കാരിനും ആദായനികുതി ഓഫീസിനും കൂച്ചുവിലങ്ങിടാനുള്ള ശ്രമം മാത്രമാണ്. അത് നിമയവാഴ്ചയുടെ ഈ ലോകത്ത് വിലപ്പോകില്ല.
ഇപ്പോള്‍ സി.ജെ. റോയിയുടെ മരണത്തെ സിദ്ധാര്‍ത്ഥയുടെ മരണവുമായി താരതമ്യം ചെയ്യാന്‍ കേരളത്തിലെ ചില ജിഹാദി മാധ്യമങ്ങള്‍ വലിയ തിടുക്കം കാട്ടുന്നു. സിപിഎമ്മിന്റെ എറണാകുളം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ജെ. ഷൈന്‍ പറഞ്ഞത് ബിജെപിയ്‌ക്ക് ചോദിക്കുന്ന പണം നല്‍കാത്തതിനാല്‍ വേട്ടയാടി സി.ജെ. റോയിയെ കൊന്നു എന്നാണ്. എന്തായാലും കാത്തിരിക്കാം. സത്യം പുറത്തുവരും.
സി.ജെ. റോയി സ്വയം വെടിവെച്ച് മരിച്ച വെള്ളിയാഴ്ച ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല
മറ്റ് രാഷ്‌ട്രീയക്കാര്‍ റോയിയുടെ മരണത്തില്‍ ഇന്‍കം ടാക്സിനെതിരെ ആരോപണം ഉയര്‍ത്തിയതോടെയാണ് ഇന്‍കം ടാക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. റോയ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത വെള്ളിയാഴ്ച ദിവസം ഇങ്കംടാക്‌സ് റെയ്ഡിനോ മൊഴിയെടുക്കാനോ റോയിയെ സമീപിച്ചിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വ്യാഴാഴ്ച ഇങ്കം ടാക്‌സ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി, റോയിയുടെ മൊഴിയെടുത്തിരുന്നു. ഇതുകൂടാതെ അന്വേഷണത്തിൽ സമ്മർദ്ദമൊന്നും ഉണ്ടായില്ലെന്ന് റോയ് രേഖാമൂലം എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈകൊടുത്താണ് റോയ് മടക്കി അയച്ചത്. – ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപ്പോള്‍ പിന്നെ എങ്ങിനെയാണ് റോയി മരിച്ചത് എന്ന ചോദ്യം ഉയരുന്നു.
















