തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ ശ്രീകാര്യം ചേങ്കോട്ടുകോണത്തു പോലീസുകാരിയുടെ വീട്ടില്‍ അനധികൃതമായി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ കോര്‍പറേഷന്‍ അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കോര്‍പറേഷന്‍ മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.
പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. നായകളെ പാർപ്പിച്ച വീട് ശുചീകരിച്ച് താമസയോഗ്യമാക്കി മാറ്റുവാൻ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നല്കി.
ഇന്നു രാവിലെ കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെരുവുനായ്‌ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരിയാണ് 67 തെരുവ്‌നായ്‌ക്കളെ അവരുടെ വീട്ടില്‍ വളര്‍ത്തിവന്നിരുന്നത്. ഇത് വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
അധികൃതര്‍ക്കു ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വാർഡ് കൗൺസിലർമാരായ സിന്ധുശശി, അർച്ചന മണികണ്ഠൻ, എസ്സ് എസ്സ് സുനിൽ, ഡോ:ശ്രീരാഗ്, JHI ലക്ഷ്മി എന്നിവർക്കൊപ്പം ഡോഗ് സ്ക്വാഡിലെ ജീവനക്കാരായ ചന്തു ചന്ദ്രൻ, പ്രശാന്ത്, പി ബിനു,യുവോബ്, മാത്യു, ഡ്രൈവർമാരായ അനിൽ, നന്ദു, അഖിൽ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി.
















