മുംബൈ: അജിത് പവാറിന്റെ വിയോഗത്തിന് ശേഷം പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ജനവരി ഫെബ്രുവരി ഒന്ന് ഞായറാഴ്ച നടക്കും. എൻസിപി നിയമസഭാ കക്ഷി യോഗത്തില്‍ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അജിത് പവാറിന്റെ സ്ഥാനത്തേക്ക് സുനേത്ര പവാര്‍ എത്തിച്ചേരണമെന്നാണ് ബിജെപിയും ഷിന്‍ഡേ പക്ഷം ശിവസേനയും ആഗ്രഹിക്കുന്നത്.
അജിത് പവാറും ഫഡ്നാവിസും ഷിന്‍ഡേയും തമ്മിലുള്ള സൗഹൃദമായിരുന്നു മഹായുതി എന്ന മുന്നണിയുടെ നട്ടെല്ല്. അതില്‍ അജിത് പവാര്‍ നഷ്ടപ്പെട്ടത് വലിയ ആഘാതം തന്നെയാണ്. അതുപോലെ സൗഹൃദത്തോടെ മുന്നേറാന്‍ കഴിയുന്ന മറ്റൊരു നേതാവായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് സാധിക്കുമെന്ന് ഫഡ്നാവിസും ഷിന്‍ഡേയും കരുതുന്നു.
ശനിയാഴ്ച നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പ്രസിഡന്‍റായി ആരെ തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ ആകെ 230 സീറ്റുകളാണ് ഉള്ളത്. ആകെ 288 സീറ്റുകള്‍ അടങ്ങിയതാണ് മഹാരാഷ്‌ട്ര നിയമസഭ. ഇതില്‍ എന്‍സിപി (അജിത് പവാര്‍) പക്ഷത്തിന് 40 സീറ്റുകളാണ് ഉള്ളത്. ബിജെപിയ്‌ക്ക് 132 സീറ്റുകളും ഷിന്‍ഡേ പക്ഷം ശിവസേനയ്‌ക്ക് 57 സീറ്റുകളും ഉണ്ട്. ബിജെപിയും ശിവസേനയും ഒന്നിച്ച് നിന്നാല്‍ ഉള്ള 189 സീറ്റുകള്‍ കേവല ഭൂരിക്ഷപക്ഷത്തിന് ധാരാളമാണ്.
അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേലും കൂട്ടരും
അജിത് പവാറിന്റെ വേര്‍പാട് സൃഷ്ടിച്ച മുറിവുണങ്ങുന്നതിന് മുന്‍പേ അധികാരത്തിന്റെ കരുക്കള്‍ നീക്കുകയാണ് എന്‍സിപി (അജിത് പവാര്‍) പക്ഷത്തിലെ മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേല്‍,സുനില്‍ തത് കറെ, ഛഗന്‍ ഭൂജ് ബല്‍ എന്നിവര്‍. എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകളിൽ അവകാശവാദം ഉന്നയിച്ച് ഇവര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ എത്തി കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്റെ വേര്‍പാട് സൃഷ്ടിച്ച ദുഖത്താല്‍ ഭാര്യ സുനേത്ര പവാര്‍ വസതിയില്‍ കഴിഞ്ഞുകൂടുകയാണ്. അജിത് പവാർ കൈവശം വെച്ച വകുപ്പുകൾ കൈമാറണമെന്നാണ് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടത്. ധനകാര്യം, എക്സൈസ്, സ്പോര്‍ട്സ് എന്നീ വകുപ്പകളാണ് അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്നത്.
“മഹായുതി സഖ്യത്തിൽ ഞങ്ങൾ പങ്കാളികളാണ്, അതിനാൽ അജിത് പവാർ വഹിച്ച സ്ഥാനം എത്രയും വേഗം നികത്താൻ ഞങ്ങളെ അനുവദിക്കണം. അതേസമയം, എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുവികാരം മാനിക്കണമെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കുടുംബത്തിന് അവരുടെ ദുഃഖത്തിൽ നിന്ന് കരകയറാൻ കുറച്ച് സമയം നൽകണം. പാർട്ടിയുടെ ഭാവി ഗതിയെക്കുറിച്ച് സുനേത്ര പവാറുമായും കുടുംബവുമായും ഞങ്ങൾ ഉടൻ ചർച്ച ചെയ്യും,” -എന്‍സിപി(അജിത് പവാര്‍ പക്ഷം) നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
അജിത് പവാറിന്റെ പെട്ടെന്നുള്ള മരണം എൻസിപിയിൽ നിരവധി പ്രധാന ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എതിരാളി വിഭാഗവുമായി ലയിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. അജിത് പവാറിന്റെ മരണം വലി ശൂന്യതയാണ് പാര്‍ട്ടിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
എന്‍സിപി (അജിത് പവാര്‍) വിഭാഗം ശരത് പവാറിന്റെ എൻസിപി വിഭാഗവുമായി ലയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ശരത് പവാർ ക്യാമ്പിലെ നേതാക്കൾ അവകാശപ്പെടുന്നു.
രണ്ട് വിഭാഗങ്ങളുടെയും ലയനം അജിത് പവാറിന്റെ അവസാന ആഗ്രഹമായിരുന്നുവെന്നും അത് മാനിക്കണമെന്നും ആണ് ശരത് പവാര്‍ പക്ഷത്തിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖ് പറയുന്നത്. വരും ദിവസങ്ങളിൽ “മുഴുവൻ പവാർ കുടുംബവും” ഒത്തുചേർന്ന് നിലവിലുള്ള എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















