കോഴിക്കോട്: ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായത് പി.ടി. ഉഷയുടെ വളർച്ചയുടെ പടവുകളിൽ തണലായി എപ്പോഴും കൂടെയുണ്ടായിരുന്നയാളെ. അവരുടെ ഓരോവിജയങ്ങളിലും നിഴൽ പോലെ എപ്പോഴും കൂടെയുണ്ടായിരുന്നയാളായിരുന്നു പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63). പി.ടി. ഉഷയ്‌ക്കുലഭിച്ച മെഡലുകളും മത്സങ്ങളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ഉൾക്കൊള്ളുന്ന മ്യൂസിയം വീട്ടിൽ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
അത് പൂർത്തിയാക്കും മുൻപേയാണ് അപ്രതീക്ഷിത വിയോഗമെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30-ഓടെ പെരുമാൾപുരത്തെ പിലാവുള്ളകണ്ടി തെക്കെപറമ്പിൽ വീട്ടിൽ (ഉഷസ്) കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. സി.ഐ.എസ്.എഫ്. ഇൻസ്പെക്ടറായിരുന്ന അദ്ദേഹം മുൻ ദേശീയ യൂണിവേഴ്സിറ്റിതല കബഡി താരവുമായിരുന്നു.
കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ താത്‌പര്യം ഉഷയുടെ കരിയറിൽ എപ്പോഴും കൂട്ടായുണ്ടായിരുന്നു. പി.ടി. ഉഷ ഏഴാംക്ലാസുമുതൽ പങ്കെടുത്ത മത്സരങ്ങളെക്കുറിച്ചും അവയുടെ സമയത്തെക്കുറിച്ചും കൃത്യമായി അറിവുള്ളയാളായിരുന്നു അദ്ദേഹം കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് ആരംഭിക്കുന്നതുമുതലുള്ള എല്ലാകാര്യങ്ങളിലും പി.ടി. ഉഷയ്‌ക്കൊപ്പംതന്നെ നിർണായക പങ്കുവഹിച്ചു.
ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ സഹസ്ഥാപകനും ട്രഷററുമായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉഷയ്‌ക്ക് കരുത്തുറ്റപിന്തുണയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സ്പോർട്സ് മെഡിസിനിൽ ഡോക്ടറായ മകൻ വിഘ്നേഷ് വി. ഉജ്ജ്വലും ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ സേവനമനുഷ്ഠിക്കുന്നു.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻപോയ പി.ടി. ഉഷ വെള്ളിയാഴ്ച പുലർച്ചയോടെ മടങ്ങിയെത്തി.
















