കോട്ടയം: പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്‌സ്പ്രസ് മെമുവായ എറണാകുളം-കായംകുളം എക്‌സ്പ്രസ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. കായംകുളത്തേയ്‌ക്ക് രാവിലെ 9.42നും എറണാകുളത്തേയ്‌ക്ക് വൈകുന്നേരം 4.34നും എക്‌സ്പ്രസ് മെമു ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തും. ജില്ലയില്‍ കോട്ടയത്തുമാത്രമായിരുന്നു ഇതിന് സ്റ്റോപ്പുണ്ടായിരുന്നത്. യാത്രക്കാരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ നിവേദനത്തിന്‌റെ പശ്ചാത്തലത്തിലാണ് സ്‌റ്റോപ്പ് അനുവദിച്ചത്.
ഉച്ചകഴിഞ്ഞ് 1.10നുള്ള 66308 കൊല്ലം-എറണാകുളം മെമുവിനുശേഷം എറണാകുളം ഭാഗത്തേക്കു വൈകുന്നേരം 4.34നുള്ള സര്‍വീസിന് ഏറ്റുമാനൂരിലെ സ്റ്റോപ്പ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് വ്യക്തമാക്കി.
















