ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ തുടരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) പ്രതീക്ഷിത വളര്‍ച്ചനിരക്ക് 7.4 ശതമാനം നേടി എന്നത് ട്രംപ് ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയ 50 ശതമാനം പിഴത്തീരുവ ഇന്ത്യയെ ഇതുവരെയും ബാധിച്ചില്ല എന്നതിന് തെളിവാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായാണ് കേന്ദ്ര സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.
അടുത്ത സാമ്പത്തിക വര്‍ഷമായ 2026-27ല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് വരും സാമ്പത്തിക വര്‍ഷത്തിലും ട്രംപിന്റെ താരിഫ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇന്ത്യ മറികടക്കുമെന്ന് തന്നെയാണ് സൂചന. യുഎസിന് പുറത്തുള്ള വിപണികള്‍ കണ്ടെത്തി ഇന്ത്യയുടെ കയറ്റുമതി വ്യാപാരം വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി 2025ല്‍ യുകെ, 2026ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചു. ഇന്ത്യയിലെ ഉല്‍പന്നങ്ങള്‍ക്ക് സീറോ തീരുവ വരുന്നതോടെ കൂടുതല്‍ കയറ്റുമതി നേടാമെന്നതാണ് ഇന്ത്യ ലക്ഷ്യമാക്കുന്നത്.
ആഗോള സാമ്പത്തിക രംഗം വെല്ലുവിളികള്‍ നേരിടുന്ന സമയത്തും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു. മൊത്ത സ്ഥിര മൂലധന രൂപീകരണം 7.8 ശതമാനം വര്‍ധിച്ചു. ഇതിന്റെ വിഹിതം ജിഡിപിയുടെ 30 ശതമാനമായി തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ റവന്യൂ റെസീപ്റ്റ് 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 11.6 ശതമാനം ആയി ഉയര്‍ന്നു, അതേസമയം റവന്യൂ ചെലവ് സ്ഥിരത കൈവരിച്ചു.
സേവന മേഖല രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ നട്ടെല്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു. സേവന മേഖലയില്‍ 9.1ശതമാനം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ പ്രധാന ഉപ വിഭാഗങ്ങളിലും ഏകദേശം 8 ശതമാനം മുതല്‍ 9.9 ശതമാനം വരെ വളര്‍ച്ച നേടി. 2020ന്റെ ആദ്യ പകുതിയില്‍ ജിഡിപിയില്‍ സേവന മേഖലയുടെ പങ്ക് 53.6 ശതമാനമായി ഉയര്‍ന്നു.
രാജ്യം ശക്തമായ വ്യാവസായിക വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റീല്‍ സിമന്റ് എന്നിവയുടെ ഉത്പാദത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണുള്ളത്. ഔഷധ നിര്‍മാണത്തില്‍ മൂന്നാം സ്ഥാനവും കൈവരിച്ചതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ തൊഴില്‍ വിപണി സ്ഥിരത കൈവരിച്ചു. 56 കോടിപ്പേരാണ് ഇന്ത്യയില്‍ തൊഴില്‍രംഗത്തുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വളര്‍ച്ചയുടെ നട്ടെല്ലെന്നാണ് തൊഴില്‍ വിപണിയെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ട്രംപിന്റെ 50ശതമാനം പിഴതീരുവ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമായി എന്നത് നേരാണ്. കാരണം ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. ഇത് തിരിച്ചടിയുണ്ടാക്കി. ജിഎസ് ടി വെട്ടിക്കുറയ്‌ക്കുന്ന രീതിയില്‍ ആഭ്യന്തരനികുതി പരിഷ്‌കാരം ഏര്‍പ്പെടുത്തിയും ആദായനികുതി ഇളവുകള്‍ അനുവദിച്ചും പണപ്പെരുപ്പം നിയന്ത്രിച്ചും ആണ് ഇന്ത്യ ജിഡിപി വളര്‍ച്ചയെ ഉലയാതെ പിടിച്ചുനിര്‍ത്തിയത്.
പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. അതേസമയം, ആഗോളതലത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം (2026-27) ഇന്ത്യയില്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും 2026-27 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയില്‍ വളര്‍ച്ചാനിരക്ക് നേടും.
















