മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ സ്വകാര്യ വിമാനം അതിരാവിലെ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് തകര്‍ന്നു വീണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ച വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് അധികനാളായില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി ഉള്‍പ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളാണ് വിമാനാ പകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യ, മുന്‍ ലോക്‌സഭാ സ്പീക്കര്‍ ജിഎംസി ബാലയോഗി, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി, രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ഇപ്പോഴിതാ അജിത് പവാറും.
പ്രധാനമന്ത്രി നരേന്ദ്രമോദി യും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിശേഷിപ്പിച്ചതു പോലെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ വലിയ ജനപിന്തുണയുള്ള നേതാവായിരുന്നു അജിത് പവാര്‍. അമ്മാവനായ മറാത്ത കരുത്തന്‍ ശരത് പവാറിനോട് വിയോജിച്ച് പുതിയ എന്‍സിപി രൂപീകരിച്ച് ബിജെപി യോടൊപ്പം ചേര്‍ന്ന അജിത് പവാര്‍ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ ‘എനര്‍ജി റൂം’ എന്നാണ് അറിയപ്പെട്ടിരുന്നത്.
മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായ ശരത് പവാറിന്റെ സ്വാധീന വലയത്തില്‍ നിന്ന് പുറത്തുകടന്ന് രാഷ്‌ട്രീയമായി അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അജിത് പവാര്‍ അതില്‍ വിജയിച്ചത് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയുണ്ടായി. പുതിയൊരു പാര്‍ട്ടി ഉണ്ടാക്കുക മാത്രമല്ല, അധികാര പങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞു. വര്‍ഷങ്ങളോളം മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ മേഖല അടക്കി ഭരിച്ച താക്കറെ കുടുംബത്തോട് വിയോജിച്ച രാജ് താക്കറെയെപ്പോലെ ഒരാള്‍ രാഷ്‌ട്രീയത്തില്‍ ഒന്നുമാകാതെ നില്‍ക്കുമ്പോഴാണ് അജിത് പവാര്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.
കരിമ്പ് കൃഷിക്ക് പേരുകേട്ട ബാരാമതിയാണ് മൂന്ന് ദശകത്തിലേറെയായി നീണ്ടുനിന്ന അജിത് പോവാറിന്റെ രാഷ്‌ട്രീയത്തെ വളര്‍ത്തിയെടുത്ത പരീക്ഷണഭൂമി. ഇവിടെനിന്നാണ് രാഷ്‌ട്രീയ തന്ത്രങ്ങളില്‍ ഈ നേതാവ് സാമര്‍ത്ഥ്യം നേടിയത്. മഹാരാഷ്‌ട്രയില്‍ എന്തും സാധിക്കുന്ന അമ്മാവനെ മറികടന്ന് രാഷ്‌ട്രീയ ഭൂപടം മാറ്റിവരയ്‌ക്കുകയായിരുന്നു അജിത് പവാര്‍. ഈ നേതാവിനെ കരുത്തനാക്കി വളര്‍ത്തുന്നതില്‍ ബാരാമതി വഹിച്ച പങ്ക് വളരെ വലുതാണ്. അതേ സ്ഥലത്തുതന്നെ ജീവിതയാത്രയുടെ അന്ത്യം സംഭവിച്ചതും വിധിയെന്ന് സമാധാനിക്കാന്‍ മാത്രമേ കഴിയൂ. ബാരാമതിയില്‍ നിന്ന് പലവട്ടം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബാരാമതിയിലെ ജനങ്ങള്‍ ഈ വിയോഗത്തോട് പൊരുത്തപ്പെടാന്‍ ഏറെക്കാലമെടുക്കും.
അജിത് പവാറിന്റെ രാഷ്‌ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു. അതുവരെ രാഷ്‌ട്രീയ എതിരാളിയായി കണ്ടിരുന്ന ബിജെപിയുമായി സഹകരിച്ച് 2019 നവംബറില്‍ അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. ആ സര്‍ക്കാര്‍ വെറും 80 മണിക്കൂര്‍ മാത്രമേ നിലനിന്നുള്ളൂ. ഇതോടെ അജിത് പവാറിനെ എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്ക് പിന്നീട് കണക്കുകൂട്ടലുകള്‍ തെറ്റി. 2023 ജൂലൈയില്‍, അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാരെ നയിച്ച് വീണ്ടും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ നീക്കം എന്‍സിപിയെ നെടുകെ പിളര്‍ത്തി. മാസങ്ങള്‍ക്കകം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചു. ഒരിക്കല്‍ ശരത് പവാറിനോട് വിശ്വസ്ത പുലര്‍ത്തിയിരുന്നവരെ പുതിയൊരു പതാകയ്‌ക്കു കീഴില്‍ അണിനിരക്കാന്‍ സഹായിച്ചു.
അജിത് പവാറിന്റെ രാഷ്‌ട്രീയ മുന്നേറ്റം ഒരു ശക്തനായ സംസ്ഥാന നേതാവിന്റെ കഥ മാത്രമല്ല. ഒരുകാലത്ത് കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ദേശീയ രാഷ്‌ട്രീയം ബിജെപിയെ കേന്ദ്രീകരിച്ച് മാറിമറിയുന്നതിന്റെ സമീപകാല ചരിത്രവും അത് പറയുന്നുണ്ട്. മഹാരാഷ്‌ട്രയില്‍ ഈ മാറ്റത്തിന്റെ പ്രതിബിംബമായിരുന്നു അജിത് പവാര്‍. രാഷ്‌ട്രീയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയിലും ജനങ്ങളെ കപട വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ച ഒരു നേതാവുമായിരുന്നു. ഇങ്ങനെയൊരു നേതാവിന്റെ അപ്രതീക്ഷിതമായ വേര്‍പാട് രാഷ്‌ട്രീയ രംഗത്ത് മാത്രമല്ല ജനങ്ങള്‍ക്കും വലിയ നഷ്ടമാണ്.















