വാട്ടര്‍ മെട്രോയും നൂറ് ശതമാനം ഡിജിറ്റല്‍ സാക്ഷരതയും; ആത്മനിര്‍ഭര്‍ ഭാരതത്തിന് സ്വയംപര്യാപ്ത കേരളം എന്ന പ്രമേയത്തിലാണ് കേരളത്തിന്റെ ടാബ്ലോ. ടാബ്ലോയുടെ ആശയം മുതല്‍ രൂപകല്പനയും നിര്‍മാണ നിര്‍വഹണവും സംഗീതവും നൃത്ത സംവിധാനവുമെല്ലാം മലയാളികളാണ് നിര്‍വഹിച്ചത്. ടാബ്ലോയുടെ ഇരുവശങ്ങളിലുമായി നാല് വീതം കലാകാരികള്‍ നാടോടിനൃത്തം അവതരിപ്പിക്കും.
ജയപ്രഭ മേനോനാണ് നൃത്തസംവിധാനം. പാര്‍വതി ജെ. നായര്‍, പി. സത്യപ്രിയ, മീനാക്ഷി രാജ്, എം.എ. അവന്തിക, എന്‍.ജെ. ദേവപ്രിയ, എം. രഞ്ജന, വീണ എസ്. നായര്‍, ഷീന കെ. പിള്ള, ബി. ഷീല, ഡി. മീനാക്ഷി, കെ.വി. ശരണ്യ, വി.കെ. വൈശാഖി, അക്ഷര ജയന്‍, പാര്‍വതി എം. മോഹന്‍ എന്നിവരാണ് ടാബ്ലോയുടെ ഭാഗമായി അണിനിരക്കുക.
ആദ്യമായി ആണ്‍കുട്ടികളുടെ എന്‍സിസി ബാന്‍ഡ് സംഘം
കേരളത്തില്‍ നിന്ന് ആദ്യമായി ആണ്‍കുട്ടികളുടെ എന്‍സിസി ബാന്‍ഡ് സംഘം പരേഡില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 174 പേരാണ് കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് ഇത്തവണ ദല്‍ഹിയിലെ ആര്‍ഡിസി ക്യാമ്പില്‍ പങ്കെടുക്കുന്നത്.
45 പേരാണ് ബാന്‍ഡ് സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 29 പേര്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്. നിര്‍മല കോളജ്, കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളജ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ന്യൂമാന്‍ കോളജിലെ ചരിത്ര വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ സുഭാഷാണ് ബാന്‍ഡ് ലീഡര്‍. പരേഡിന് മുന്നോടിയായി സംഘം ദേശീയ യുദ്ധസ്മാരകത്തില്‍ ബാന്‍ഡ് അവതരിപ്പിച്ച് ധീരസൈനികര്‍ക്ക് ആദരവുമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി കേരളത്തിലെ പെണ്‍കുട്ടികളുടെ ബാന്‍ഡ് സംഘം പരേഡില്‍ അണിനിരന്നിരുന്നു. പരേഡിനു പുറമെ വിവിധ കലാപരിപാടികളിലും കേരളത്തില്‍ നിന്നുള്ള എന്‍സിസി കേഡറ്റുമാര്‍ പങ്കെടുക്കും.
കേണല്‍ ജയശങ്കര്‍ ചൗധരിയാണ് കേരള ലക്ഷദ്വീപ് കണ്ടിന്‍ജന്റ് കമാന്‍ഡര്‍. ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ലഫ്. ഡോ. ബി.ജെ. ബിനുകുമാര്‍, സെക്കന്‍ഡ് ഓഫീസര്‍ അസീന ദിലീപ്, ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ ഒ. ബീന, സുബേദാര്‍മാരായ മുഹമ്മദ് അഷ്റഫ്, ഗിരീഷ് കുമാര്‍ ഹവില്‍ദാര്‍മാരായ ജെ.എം. ആന്റണി, എം. പ്രവീണ്‍, ട്രെയിനിങ് ക്ലര്‍ക്ക് അനൂപ് എസ്. നായര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സംഘത്തെ നയിക്കുന്നത്.
















