തിരുവനന്തപുരം: പത്മ അവാര്‍ഡുകള്‍ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി ദിനപത്രത്തിന്റെ മുന്‍ പത്രാധിപരും മുതിര്‍ന്ന എഴുത്തുകാരനുമായ പി നാരായണന്‍ എന്നിവര്‍ക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ എല്ലാ മലയാളികള്‍ക്കും ഏറെ അഭിമാനകരമാണ്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താവും ജന്മഭൂമി മുന്‍ എഡിറ്ററുമായ പി. നാരായണന് ലഭിച്ച പത്മവിഭൂഷണ്‍ മാധ്യമ മേഖലയ്‌ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
കലാമണ്ഡലം വിമല മേനോന്‍, കൊല്ലക്കല്‍ ദേവകിയമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയില്‍ വലിയ സേവനങ്ങള്‍ സമൂഹത്തിന് നല്‍കിയ ഇരുവര്‍ക്കും അഭിനന്ദനങ്ങളെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍, മുഖ്യമന്ത്രി എന്നീ നിലയില്‍ കേരളത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വിഎസ് അച്യുതാനന്ദനും നീതി ന്യായ രംഗത്ത് മലയാളികള്‍ക്ക് അഭിമാനമായ ജസ്റ്റിസ് കെ ടി തോമസിനും കേരളത്തിലെ സാഹിത്യ പത്രപ്രവര്‍ത്തക ലോകത്തിന് പുതിയ വെളിച്ചം നല്‍കിയ നാരായണ്‍ജിയും കേരളത്തിന്റെ സാമുദായിക രംഗത്തെ ഉദയസൂര്യനായ വെള്ളാപ്പള്ളി നടേശനും മലയാളികളുടെ സ്വകാര്യ അഹങ്കാരം നടന വിസ്മയമായ മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് പത്മാ പുരസ്‌കാരം ലഭിച്ചത്. ഇതെല്ലാ മലയാളികള്‍ക്കുമുള്ള അംഗീകാരമാണ്.
അര്‍ഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാര്‍ഡുകള്‍ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്‌കാരങ്ങള്‍ക്ക് തിളക്കം ഏറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
















