മിക്കവാറും എല്ലാ ദിവസവും പഴം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടുതന്നെ പഴുത്ത പഴവും ശരിക്ക് പഴുക്കാത്ത പഴവും തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിയാന്‍ നമ്മള്‍ അറിഞ്ഞിരിക്കണം.പച്ചയായി എത്തിക്കുന്ന പഴങ്ങൾ പെട്ടെന്ന് വിറ്റഴിക്കാൻ വേണ്ടി വ്യാപാരികൾ പലപ്പോഴും കാൽസ്യം കാർബൈഡ് പോലുള്ള മാരകമായ കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും
സ്വാഭാവികമായി പഴുത്ത പഴങ്ങൾക്ക് ഒരിക്കലും ഒരേപോലെ തിളക്കമുള്ള മഞ്ഞനിറം ഉണ്ടാവില്ല. പഴം പഴുക്കുമ്പോൾ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതിന്റെ ലക്ഷണമായി, തോലിൽ ചെറിയ തവിട്ട് അല്ലെങ്കിൽ കറുപ്പ് പുള്ളികൾ പ്രത്യക്ഷപ്പെടും. ഇതിനെ ഷുഗർ സ്പോട്ടുകൾ എന്നാണ് പറയുന്നത്.
പഴത്തിന് നല്ല മധുരമുണ്ടെന്നതിന്റെ തെളിവുകൂടിയാണിത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവ ആണെങ്കിൽ പഴം മുഴുവൻ പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന കൃത്രിമമായ തിളക്കവും കടും മഞ്ഞനിറവും ഉണ്ടാവും.പഴം വാങ്ങുമ്പോൾ അതിന്റെ ഞെട്ടു കൂടി ഒന്ന് ശ്രദ്ധിക്കുക. പഴം സ്വാഭാവികമായി പഴുത്തതാണെങ്കിൽ അതിന്റെ ഞെട്ടും കറുത്തതോ കടും തവിട്ട് നിറത്തിലോ ആയിരിക്കും. എന്നാൽ ഞെട്ട് നല്ല പച്ചനിറത്തിലും പഴം മഞ്ഞനിറത്തിലുമാണെങ്കിൽ അത് കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതാകാൻ സാധ്യത കൂടുതലാണ്. സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ ഞെട്ട് അല്‍പ്പം ഉണങ്ങിയ നിലയിലായിരിക്കും ഉണ്ടാവുക.
നന്നായി പഴുത്ത പഴം കഴിക്കുമ്പോൾ നല്ല മധുരവും മൃദുത്വവും അനുഭവപ്പെടും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്‌ക്ക് മധുരം കുറവായിരിക്കും. ചിലപ്പോൾ ഇവയുടെ നടുഭാഗം കട്ടിയുള്ളതും തോൽ പൊളിക്കാൻ ഭയങ്കര പ്രയാസമുള്ളതും ആയിരിക്കും.സ്വാഭാവികമായി പഴുത്ത നല്ല പഴത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയ്‌ക്ക് പലപ്പോഴും മണം കുറവായിരിക്കും
















