തിരുവനന്തപുരം:മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്‌ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂവെങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല.
അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ – ഗണേഷ് കുമാര്‍ പറഞ്ഞു.
















