ന്യൂദൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസസ് എന്നിവയിലെ 982 ഉദ്യോഗസ്ഥർക്ക് ധീരതയ്‌ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ഈ ബഹുമതികളിൽ 125 ധീരത മെഡലുകളും ഉൾപ്പെടുന്നു.
ജമ്മു കശ്മീർ മേഖലയിൽ നിന്നുള്ള 45 പേർ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 35 പേർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേർ, മറ്റ് മേഖലകളിൽ നിന്നുള്ള 40 പേർ എന്നിങ്ങനെയാണ് ധീരതാ അവാർഡുകളിൽ ഭൂരിഭാഗവും. ധീരതാ മെഡലുകൾ ലഭിച്ചവരിൽ നാല് പേർ അഗ്നിശമന സേനാംഗങ്ങളാണെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേ സമയം ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ധീരത മെഡലുകൾ ലഭിച്ചത് ജമ്മു കശ്മീർ പോലീസിനാണ്, 33 എണ്ണം. ഇതിനുപുറമെ മഹാരാഷ്‌ട്ര പോലീസിന് 31 ഉത്തർപ്രദേശ് പോലീസിനും 18 ഉം ദൽഹി പോലീസിന് 14 ഉം പേരാണ്. കേന്ദ്ര സായുധ പോലീസ് സേനകളിൽ ധീരത മെഡലുകൾ ലഭിച്ച ഏക സേന സെൻട്രൽ റിസർവ് പോലീസ് സേനയാണ്, 12 എണ്ണം.
പോലീസ് സേവനത്തിന് 664 മെഡലുകൾ
ഔദ്യോഗിക പ്രസ്താവന പ്രകാരം വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ 101 മെഡലുകളിൽ (പിഎസ്‌എം) 89 എണ്ണം പോലീസ് സർവീസിനും, അഞ്ച് എണ്ണം ഫയർ സർവീസിനും, മൂന്ന് എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും, നാല് എണ്ണം കറക്ഷണൽ സർവീസസിനും ലഭിച്ചു. അതുപോലെ മെറിറ്റോറിയസ് സർവീസിനുള്ള (എംഎസ്‌എം) ആകെയുള്ള 756 മെഡലുകളിൽ 664 എണ്ണം പോലീസ് സർവീസിനും, 34 എണ്ണം ഫയർ സർവീസിനും, 33 എണ്ണം ഹോം ഗാർഡ്, സിവിൽ ഡിഫൻസ് സർവീസിനും, 25 എണ്ണം കറക്ഷണൽ സർവീസസിനും ലഭിച്ചിട്ടുണ്ട്.
















